ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. നജാഗർ ബിജെപി കിസാൻ മോർച്ച അദ്ധ്യക്ഷൻ സുരേന്ദ്ര കുമാർ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ബൈക്കിൽ എത്തിയ അജ്ഞാത സംഘം അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയത്.
ബിന്ദാപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വൈകീട്ട് പാർട്ടി ഓഫീസിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ അഞ്ജാത സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ സുരേന്ദർ കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ബഹളം കേട്ട് പ്രദേശത്തുണ്ടായിരുന്നവരും മറ്റ് പ്രവർത്തകരും ഓടിയെത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേയ്ക്കും മരിച്ചിരുന്നു. സുരേന്ദറിന്റെ മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന സൂചനയും ലഭിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post