അഹമ്മദാബാദ് : ഗുജറാത്തിൽ ആം ആദ്മി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറി. ആം ആദ്മിയിൽ നിന്ന് രാജിവെച്ച ആറ് കൗൺസിലർമാരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സൂറത്ത് മുൻസിപ്പൽ കോർപറേഷനിലെ കൗൺസിലർമാർ ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവിയുടെയും വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പൻസേരിയയുടെയും സാന്നിധ്യത്തിൽ ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനമായ ശ്രീ കമലത്തിൽ വെച്ച് ബിജെപി അംഗത്വം സ്വീകരിച്ചു.
അശോക് ധാമി (ഭവന പദ്ധതി), കിരൺ ഖോഖാനി (സാമൂഹ്യക്ഷേമ, വിനോദ സാംസ്‌കാരിക സമിതി), ഘൻശ്യാം മക്വാന (ലൈറ്റ് ആൻഡ് ഫയർ കമ്മിറ്റി), പട്ടേൽ നീരാളി (ആരോഗ്യ കമ്മിറ്റി), ധർമേന്ദ്ര വവാലിയ (ട്രാൻസ്‌പോർട്ട് മൊബിലിറ്റി കമ്മിറ്റി), അഡ്വക്കേറ്റ് സ്വാതി കയ്‌ദ ( നിയമ സമിതി). ധാമി, ഖോഖാനി, നീരാളി എന്നിവർ 5 ാം വാർഡിലും മക്വാനയും വവാലിയയും 4 ാം വാർഡിലും കയ്ദ 17 ാം വാർഡിലും നിന്നുള്ളവരാണ്.
തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ആം ആദ്മി വിടുകയാണെന്നും ഇതിന് പിന്നിൽ ആരുടെയും സമ്മർദ്ദമില്ലെന്നും ഇവർ രാജിക്കത്തിൽ പറഞ്ഞു. സൂറത്ത് നഗരം വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവർ ബിജെപിയിൽ ചേർന്നത്. ആറ് പേരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. എഎപിയുടെ നയങ്ങൾ വികസന മുരടിപ്പ് ഉണ്ടാക്കുന്നുവെന്ന് മനസിലാക്കിയത് കൊണ്ടാണ് ഇവർ പാർട്ടി വിട്ടത് എന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
Discussion about this post