ലക്‌നൗ: സഞ്ജയ് ഗാന്ധിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ആൾക്കെതിരെ പരാതി നൽകി ബിജെപി നേതാവ് വരുൺ ഗാന്ധി. വാരാണസി സ്വദേശി വിവേക് പാണ്ഡെയ്‌ക്കെതിരെയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെ പരാതി നൽകിയത്. അദ്ദേഹത്തിന്റെ പരാതി ഈ മാസം 25 കോടതി പരിഗണിക്കും.
പ്രമുഖ രാഷ്ട്രീയ നേതാവും, സമൂഹത്തിൽ പ്രാധാന സ്ഥാനം അർഹിക്കുന്ന വ്യക്തിയുമാണ് സഞ്ജയ് ഗാന്ധി. അതിനാൽ അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയല്ലെന്ന് വരുൺ ഗാന്ധിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിടണം. പ്രതിയ്ക്ക് തക്ക ശിക്ഷ തന്നെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരെങ്കിലും തന്റെ പിതാവിനെ അപമാനിച്ച് സംസാരിച്ചാൽ വെറുതെയിരിക്കില്ല. ആരാണെങ്കിലും നിയമ നടപടി സ്വീകരിക്കും. എങ്കിലേ ഇത്തരക്കാരെല്ലാം തക്ക പാഠം പഠിക്കുകയുള്ളൂ. കോടതി കൈക്കൊള്ളുന്ന ഏത് വിധിയും അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്നും വരുൺ ഗാന്ധി പറഞ്ഞു.
സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു വിവേക് പാണ്ഡെ സഞ്ജയ് ഗാന്ധിയെ അപമാനിച്ചത്. ഇക്കഴിഞ്ഞ 29നായിരുന്നു സംഭവം. കുറിപ്പ് കണ്ടതോടെ ജനങ്ങൾ ഇത് വരുൺഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം പരാതി നൽകിയത്. പിലിഭിത്തിൽ നിന്നുള്ള എംപിയാണ് വരുൺ ഗാന്ധി.
Discussion about this post