ലഖ്നൗ: ഉമേഷ് പാൽ കൊലക്കേസ് പ്രതികളായ അതീഖ് അഹമ്മദും സഹോദരൻ അഷറഫ് അഹമ്മദും കൊല്ലപ്പെട്ടതിന് പിന്നാലെ, കേസിലെ മറ്റൊരു പ്രതിയായ ഗുഡ്ഡു മുസ്ലീമിനായി വലവിരിച്ച് ഉത്തർ പ്രദേശ് പോലീസ്. മാധ്യമ പ്രവർത്തകരുടെ വേഷത്തിലെത്തിയ അക്രമികളുടെ വെടിയേറ്റ് അതീഖും അഷറഫും കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ്, ഗുഡ്ഡു മുസ്ലീമിനെ കുറിച്ചായിരുന്നു അതീഖ് പറഞ്ഞത്. എന്നാൽ, വാചകം പൂർത്തീകരിക്കുന്നതിന് മുൻപേ അതീഖ് വെടിയേറ്റ് വീഴുകയായിരുന്നു.
ഉമേഷ് പാലിനെ കൊലപ്പെടുത്തുന്നതിൽ അതീഖിനും അഷറഫിനും അസദിനും ഒപ്പം സജീവമായ പങ്കുവഹിച്ച ക്രിമിനലാണ് ഗുഡ്ഡു മുസ്ലീം. ഉത്തർ പ്രദേശ് പോലീസ് കാലാകാലങ്ങളായി തിരയുന്ന അക്രമിയാണ് ഇയാൾ. ഉമേഷ് പാൽ കൊലക്കേസിലെ മറ്റൊരു പ്രതിയും അതീഖിന്റെ ബന്ധുവുമായ അഖ്ലാ അഹമ്മദാണ് ഗുഡ്ഡുവിനെ സംരക്ഷിക്കുന്നത് എന്നാണ് വിവരം.
ഗുഡ്ഡു ബംബാജ് എന്ന പേരിലും അറിയപ്പെടുന്ന ഗുഡ്ഡു മുസ്ലീം അലഹാബാദിലെ കുപ്രസിദ്ധനായ ബോംബ് നിർമാതാവാണ്. കൊലപ്പെടുത്തുന്നതിന് മുൻപ് ഉമേഷ് പാലിന് നേരെ ബൈക്കിൽ ഇരുന്ന് ബോംബെറിഞ്ഞത് ഗുഡ്ഡുവായിരുന്നു.
അലഹാബാദിൽ ജനിച്ച ഗുഡ്ഡു നന്നേ ചെറിയ പ്രായത്തിൽ തന്നെ ലഖ്നൗവിലെത്തി കുറ്റകൃത്യങ്ങളുടെ ലോകത്ത് കുപ്രസിദ്ധി നേടുകയായിരുന്നു. 1997ൽ ലഖ്നൗവിലെ ഒരു അദ്ധ്യാപകനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.
ആർ എൽ ഡി നേതാവ് അജിത് സിംഗ് ആണ് ഇയാളെ പലപ്പോഴും സംരക്ഷിച്ചിരുന്നത്. 2001ൽ ബിഹാറിൽ വെച്ച് അറസ്റ്റിലായ ഗുഡ്ഡുവിനെ അതീഖ് അഹമ്മദ് ഇടപെട്ട് പുറത്തിറക്കുകയായിരുന്നു.
ഉമേഷ് പാൽ കൊലക്കേസിൽ ഉത്തർ പ്രദേശ് പോലീസ് ഗുഡ്ഡു മുസ്ലീമിനായി സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്. 5 ലക്ഷം രൂപയാണ് പോലീസ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.
Discussion about this post