ദുബായ് : അൽ റാസിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ 16 പേരാണ് മരിച്ചത്. മലപ്പുറം വേങ്ങര കാലങ്ങാടൻ സ്വദേശി റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് തീപിടുത്തത്തിൽ മരിച്ചത്. നാട്ടിൽ വീട് നിർമ്മാണം പൂർത്തിയായി പാലുകാച്ചലിന് വരാനിരിക്കെയാണ് റിജേഷിനെയും ജെഷിയെയും മരണം തട്ടിയെടുത്തത്.
കെട്ടിടത്തിൽ നാലാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിരെ നിന്നുള്ള പുര റിജേഷിന്റെ മുറിയിലേക്ക് നേരെ വരികയായിരുന്നു.പുക ഉയരുന്നതു കണ്ടെങ്കിലും ഇത്ര വലിയ ദുരന്തമാണെന്ന സൂചന പോലും ആദ്യം ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഉഗ്രസ്ഫോടനം ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമായത്.
ഡ്രീം ലൈൻ ട്രാവൽ ഏജൻസി റിജേഷിന്റെ സ്വന്തം സ്ഥാപനമാണ്. ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അദ്ധ്യാപികയായിരുന്നു. 11 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. കുട്ടികളില്ല. വീടു നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ നാട്ടിൽ പോയി വന്നിരുന്നു. പാലുകാച്ചിന് വേണ്ടി വീണ്ടും നാട്ടിലെത്താനിരിക്കെയാണ് മരണം സംഭവിച്ചത്.
തമിഴ്‌നാട് സ്വദേശികളായ അബ്‌ദുൾ ഖാദർ, സാലിയാക്കൂണ്ട്, പാകിസ്താനിൽ നിന്നുള്ള മൂന്നുപേർ, ഒരു നൈജീരിയൻ വനിത എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
Discussion about this post