ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു കാരണവശാലും പിന്തുണയ്ക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യരുതെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ. കെജ്രിവാളിനെ പിന്തുണയ്ക്കുന്നത് കോൺഗ്രസിലെ അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും, അത് ബിജെപിക്ക് നേട്ടമാകുമെന്നും അജയ് മാക്കൻ ചൂണ്ടിക്കാട്ടി.
ദേശീയ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കെജ്രിവാളിനെ വിളിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് അജയ് മാക്കന്റെ അഭിപ്രായ പ്രകടനം. മദ്യനയ കേസിൽ മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെയും ഖാർഗെ കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
‘ഗുരുതരമായ അഴിമതിയാരോപണങ്ങൾ നേരിടുന്ന കെജ്രിവാളിനോടും അയാളുടെ കൂട്ടാളികളോടും യാതൊരു തരത്തിലുള്ള സഹതാപവും കാണിക്കേണ്ടതില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അയാൾക്കെതിരെയുള്ള ആരോപണങ്ങൾ വിശദമായി അന്വേഷിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കണം. കെജ്രിവാൾ അഴിമതിയിലൂടെ സമ്പാദിച്ച പണം പഞ്ചാബ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടിക്കെതിരെ ഉപയോഗിച്ചിട്ടുണ്ടെന്ന് എല്ലാ രാഷ്ട്രീയ നേതാക്കളും തിരിച്ചറിയേണ്ടതുണ്ടെന്നും അജയ് മാക്കൻ പറഞ്ഞു.












