കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിൽ ട്രയൽ റൺ തുടങ്ങിയതുമായി ബന്ധപ്പെട്ട എഎ റഹീം എംപിയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ തീർക്കുന്നു. വന്ദേഭാരത് അവര് വിചാരിച്ചതുകൊണ്ടാണ് വന്നതെന്ന് മനസിലായല്ലോ? അപ്പോ ഇത്രയും കാലം വരാൻ വൈകിയതിന്റെയും കാരണക്കാർ അവരാണെന്ന് ആയല്ലോ അതാണ് അതിന്റെ പ്രത്യേകത എന്ന റഹീമിന്റെ മറുപടിയാണ് ട്രോളൻമാർ ആഘോഷമാക്കുന്നത്.
റഹീമിന്റെ ഈ വരികൾ മുറിച്ചെടുത്ത് സ്പീഡ് കുറച്ച് വീഡിയോ ആക്കി എന്തൊരു കരച്ചിലാണ് എന്ന ക്യാപ്ഷനോടെയാണ് ട്രോളാക്കി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വന്ദേഭാരതിൽ അപ്പം കൊണ്ടുപോയാൽ ചീത്തയായിപ്പോകുമെന്ന എംവി ഗോവിന്ദന്റെ വാക്കുകളും ട്രോളൻമാർ ആഘോഷമാക്കിയിരുന്നു.
ബിജപിയുടെ ആഘോഷവും ആർപ്പുവിളിയും ഒരു കാര്യം വ്യക്തമാക്കുകയാണ് . ഇപ്പോ കൊണ്ടുവന്നതിന്റെ ഉത്തരവാദിത്വം അവർക്കാണെങ്കിൽ ഇത്രയും കാലം വൈകിച്ചതിന്റെയും ഉത്തരവാദിത്വം അവർക്കാണ്. കേരളം പോലെ യാത്രാദുരിതം നേരിടുന്ന ഒരു സ്ഥലത്ത് ഇത്രയും കാലം വന്ദേഭാരത് എക്‌സ്പ്രസ് വൈകിപ്പിച്ചതിന്റെ മറുപടിയാണ് യഥാർത്ഥത്തിൽ കേന്ദ്രം പറയേണ്ടതെന്നും റഹീം പറയുന്നു.
ഓടാൻ ഇവിടെ ട്രാക്ക് ഉളളതുകൊണ്ടാണല്ലോ ഇപ്പോ വന്നത്. ഇത് നേരത്തെ ആകാമായിരുന്നു. മറ്റെല്ലാ സംസ്ഥാനത്തും കൊടുത്തു. രാജ്യത്തെ ബിജെപി സർക്കാർ കേരളത്തോട് പറയേണ്ട കാര്യം കേരളം എന്തുകൊണ്ട് നിങ്ങളുടെ പരിഗണനാ പരിധിക്ക് പുറത്താകുന്നു. കേരളത്തോട് എന്തുകൊണ്ടാണ് ഇത്ര ശത്രുതാ മനോഭാവമെന്നും റഹീം ചോദിക്കുന്നു.
വന്ദേഭാരത് വന്നതോടെ സംസ്ഥാന സർക്കാർ രണ്ട് ലക്ഷം കോടി രൂപ കടമെടുത്ത് ആയിരങ്ങളുടെ വസ്തുവും വീടും നഷ്ടപ്പെടുത്തി നിർമിക്കാനിരുന്ന കെ റെയിൽ പദ്ധതി വെളളത്തിലായിരുന്നു. വന്ദേഭാരത് ട്രെയിൻ ഇന്ന് ട്രയൽ റണ്ണിൽ തിരുവനന്തപുരത്ത് നിന്നും ഏഴ് മണിക്കൂറും എട്ട് മിനിറ്റുമെടുത്ത് കണ്ണൂരിൽ എത്തുകയും ചെയ്തു. രാഷ്ട്രീയം മറന്ന് കേരള ജനത വന്ദേഭാരത് തീവണ്ടിയെ സ്വാഗതം ചെയ്യുമ്പോഴാണ് ഇടത് നേതാക്കൾ ഇത്തരം ബാലിശമായ വാദങ്ങളുമായി വന്ദേഭാരതിനെയും കേന്ദ്രസർക്കാരിനെയും ഇകഴ്ത്താൻ ശ്രമിക്കുന്നത്.












