
ഏപ്രിൽ 22 ന് അക്ഷയതൃതീയ ആചരിക്കുമ്പോൾ പതിവ് പോലെ സ്വർണവിപണി കുതിപ്പിനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിലാണ് അക്ഷയതൃതീയ കേരളത്തിൽ കൂടുതൽ പ്രചാരം നേടിയത്. വടക്കേ ഇന്ത്യയിൽ ആചരിച്ചിരുന്ന അക്ഷയതൃതീയ ഏറിയ പ്രാധാന്യത്തോടെ തെക്കേ ഇന്ത്യക്കാർ ഏറ്റെടുത്തപ്പോൾ നേട്ടം സ്വർണ വിപണിക്കായിരുന്നു. സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ എന്ന വിശ്വാസത്തിൽ സ്വർണം വാങ്ങി സൂക്ഷിക്കുവാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.
അതിനാൽ തന്നെ ജ്വല്ലറികളിൽ അക്ഷയതൃതീയ സ്‌പെഷ്യൽ ആഭരണങ്ങളും വില്പനയ്ക്ക് തയ്യാറായി എത്തുന്നു. കോവിഡ് വ്യാപനത്തെത്തുടർന്നുള്ള വർഷങ്ങളിൽ അല്പം ഇടിവ് നേരിട്ടെങ്കിലും ഇത്തവണ അക്ഷയതൃതീയ ദിനത്തിൽ റെക്കോർഡ് വിൽപ്പനയാണ് ജ്വല്ലറികൾ ലക്ഷ്യമിടുന്നത്. മുൻ വർഷത്തേക്കാൾ ഇത്തവണ 25 ശതമാനത്തിലധികം വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്.
സാധാരണയായി അക്ഷയതൃതീയയോട് അനുബന്ധിച്ച് 1,500 കിലോ സ്വർണാഭരണ വിൽപ്പനയാണ് കേരളത്തിൽ നടക്കാറുള്ളത്. ഇത്തവണ അക്ഷയതൃതീയ ദിനം ജ്വല്ലറികൾക്ക് പുറമേ ക്ഷേത്രങ്ങളിലും കേമമാണ്. സ്വർണ നാണയം, ലോക്കറ്റുകൾ എന്നിവയ്ക്കാണ് ആവശ്യക്കാർ അധികവും. ഇതിൽ തന്നെ ക്ഷേത്രങ്ങളിൽ പൂജിച്ച ലോക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത് മനസിലാക്കി പല ജ്വല്ലറികളിലും അതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. മൂകാംബികയിൽ പൂജിച്ച ലോക്കറ്റുകൾ , ഗുരുവായൂരിൽ പൂജിച്ച ലോക്കറ്റുകൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയും.
ക്ഷേത്രദർശനത്തോട് അനുബന്ധിച്ച് സ്വർണം വാങ്ങുന്നവരുടെ എണ്ണവും കുറവല്ല.













Discussion about this post