കളക്ടറുടെ ഈ ടോക്കണില്ലാതെ എന്നാണ് ഒന്ന് ഇത്തിരി മൈദ വാങ്ങാൻ കഴിയുക? എറണാകുളത്തെ ജൂ സ്ട്രീറ്റിലെ പലഹാരപ്പുരയ്ക്കകത്തിരുന്ന് നെടുവീർപ്പോടെയിങ്ങനെ ചിന്തിച്ചൊരു കാലമുണ്ടായിരുന്നു എകെ വിശ്വനാഥനെന്ന തലശ്ശേരിക്കാരന്. മാമ്പള്ളി ബാപ്പു പണ്ട് ക്രിസ്മസ് കേക്ക് നിർമ്മിച്ച് ചരിത്രം സൃഷ്ടിച്ചത് പോലെ, പലഹാരപൊതിക്കെട്ടുകൾ കൊണ്ട് കൊച്ചിയിലൊരു രുചിസാമ്രാജ്യം സ്വന്തമാക്കിയ ബേക്കറി ബിയുടെ കഥ അവിടെയാണ് ആരംഭിച്ചത്..
പലഹാരങ്ങളുടെ നറുമണം തെളിയിക്കുന്ന വഴിയേ സഞ്ചരിച്ച് ജീവിതം കരുപിടിപ്പിക്കുകയെന്നത് വിശ്വനാഥൻ പണ്ടേയ്ക്ക് പണ്ടേയെടുത്ത തീരുമാനമായിരുന്നു. ജ്യേഷ്ഠന്റെ ബേക്കറിയിൽ അദ്ദേഹത്തിന്റെ സഹായിയായി നിന്നതും ബോർമയിലെ അനുഭവങ്ങളെയെല്ലാം ചൂടണയാത്ത പാഠങ്ങളാക്കി മാറ്റിയതും ആ ഒരു ലക്ഷ്യത്തിന് വേണ്ടി തന്നെ. ഒരു പാക്കറ്റ് റൊട്ടി വാങ്ങാൻ വരുന്നവരായാൽ പോലും ‘എന്റെ ബേക്കറിയെ കുറിച്ച് ബെസ്റ്റെന്ന് പറയണമെന്നതായിരുന്നു’ വിശ്വേട്ടന്റെ നിർബന്ധം…1967 ൽ ജനിച്ച ബെസ്റ്റ് ബേക്കറി അങ്ങനെ വളർന്നുവലുതായി, കൊച്ചിയിലെ പലഹാരക്കൊതിയൻമാരുടെ മനസും വയറും നിറച്ച് 50 ലധികം ഔട്ട്‌ലറ്റുകളിലേക്കെത്തി. കസ്റ്റ്‌മേഴ്‌സിന് ബെസ്റ്റ് വിളമ്പിയ ബേക്കറി വളർച്ചയുടെ പാതയിൽ ബേക്കറി ബിയായി മാറി.
അച്ഛൻ തുടങ്ങിവച്ച ബേക്കറി ബിസിനസിന് താങ്ങും തണലുമായി മൂത്തമകൻ വിജേഷും ഒപ്പം ചേർന്നു. ബേക്കറിയോട് ചേർന്നുള്ള കുടുംബവീട്ടിലിരുന്ന് വിറ്റ് പോകുന്ന റൊട്ടിയുടേയും പ്ലംകേക്കുകളുടെയും കണക്കെടുത്തിരുന്ന ആ എട്ടാം ക്ലാസുകാരന് ബേക്കറിയുടെ വളർച്ച തന്നെയായിരുന്നു സ്വപ്‌നവും ലക്ഷ്യവും. കൗമാരകാലത്ത് ആദ്യം ബേക്കറിയുടെ പൊതികെട്ടുകാരനായും,പിന്നീടെപ്പോഴോ ബിൽകൗണ്ടറിലെ കൊച്ചുമുതലാളിയായും മാറിയ വിജേഷിന് കുട്ടിക്കാല ഓർമ്മകളെന്നാൽ ബേക്കറി ബി തന്നെയാണ്. ‘ ‘ സ്‌കൂൾ വെക്കേഷൻ കഴിഞ്ഞ് കൂട്ടുകാരൊക്കെ, തിരിച്ചെത്തുമ്പോൾ അവർക്ക് പല സ്ഥലങ്ങളിൽ പോയ കഥകളുണ്ടാകുമ്പോൾ ഞങ്ങൾക്ക് ബേക്കറിയിൽ പോയ കഥകളാണ് പറയാനുണ്ടായിരുന്നത്…”വിജേഷ് വിശ്വനാഥനത് പറഞ്ഞ് നിർത്തുമ്പോൾ ചുറ്റും മൊരിഞ്ഞ പഫ്‌സിന്റെ കൊതിപ്പിക്കുന്നമണം.
വിശ്വനാഥന്റെ സീക്രട്ട് പ്ലം കേക്ക് റെസിപ്പിയാണ് ബേക്കറിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്. ഐക്കോണിക്ക് കേക്ക് തേടി ആളുകൾ പദ്മയ്ക്കടുത്തെ കൊച്ചു ബേക്കറിയിലെത്തി. അങ്ങനെ പ്ലം കേക്ക് ആസ്വദിച്ച് കഴിച്ചവർക്ക് മുന്നിലേക്ക് വിവിധ ഫ്രൂട്ട് കേക്കുകളും ഐസിംഗ് കേക്കുകളും ബേക്ക് ചെയ്ത് എത്തിച്ച് ബേക്കറി ബി പതിയെ കൊച്ചിക്കാരുടെ ജീവിതത്തിന്റെ ഭാഗമായി. പിറന്നാളുകാരന് മാത്രം കേക്ക് മുറിക്കാൻ ഭാഗ്യമുണ്ടായിരുന്നയിടത്ത് നിന്നും ബ്രേക്ക്അപ്പ് പാർട്ടിക്ക് വരെ കേക്ക് മുറിക്കുന്ന രീതിയിലേക്ക് കാലം മാറിയപ്പോൾ ബേക്കറി ബിയിലെ കേക്ക് വെറൈറ്റി ആയിരത്തോളമെത്തി. കേക്കിൽ മാത്രം ഒതുങ്ങാതെ ലഡുമുതൽ ഗുലാബ് ജാമുൽ വരെയും പഫ്‌സ് മുതൽ ബർഗർ വരെയും ബേക്കറി ബിയുടെ ബോർമയിലൂടെ ചൂടോടെയിറങ്ങുന്നു.30 ലധികളം വെറൈറ്റി കുക്കികളും വിവിധ ഫ്‌ളേവറുകളിലെ ഡോനറ്റും കപ്പ് കേക്കുകളും കൊച്ചിക്കാരെ ആദ്യം പരിചയപ്പെടുത്തിയതും ബേക്കറി ബി തന്നെ.
ഏതൊരു ബിസിനസിനും വിജയരഹസ്യമുണ്ടായിരിക്കണം..ബേക്കറി ബിയുടെ വിജയമന്ത്രം കസ്റ്റമേഴ്‌സിന് ബെസ്റ്റ് പ്രൊഡക്ട് നൽകുക എന്നത് മാത്രമായിരുന്നില്ല. ബേക്കറി ബിയിലെ പലഹാരപ്പുരയിൽ പഫ്‌സിന് സവാള വഴറ്റുന്ന തൊഴിലാളിക്കും കേക്കിൽ ഡിസൈൻ ചെയ്യുന്നയാൾക്കും ഒരേ സ്‌നേഹവും കരുതലും നൽകി കൂടെനിർത്തുകയെന്നത് വിശ്വനാഥന്റെ രീതിയായിരുന്നു. മുതലാളി,കുടുംബത്തിലെ കാരണവരെ പോലെ എന്തിനും ഏതിനും കൂടെനിന്നപ്പോൾ തൊഴിലാളികളും നിസ്വാർത്ഥമായ ജോലിയിലൂടെ തങ്ങളുടെ പങ്ക് കൃത്യമായി വഹിച്ചു. ‘ ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം 52 ഔട്ട്‌ലെറ്റും ഫാക്ടറിയും നടത്തിക്കൊണ്ടുപോവുക എന്നത് ഒറ്റക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല. അപ്പോൾ ഒരു ടീം അതിന്റെ കൂടെ ഉണ്ടായാൽ മാത്രമേ നടക്കൂ…ടീം എന്ന് പറഞ്ഞാൽ എല്ലാവരും ഒരേദിശയിലേക്ക് നോക്കുകയും,വിഷനെന്താണ് അതിന് അനുസരിച്ച് വർക്ക് ചെയ്യാനും പറ്റുന്ന ആൾക്കാരായിരിക്കണം ടീമിലുണ്ടായിരിക്കേണ്ടത്. ഞങ്ങളെ ബിസിനസിനെ സംബന്ധിച്ചിടത്തോളം അതിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് തൊഴിലാളികൾ തന്നെയാണ്. നമ്മൾ ഒരു വിഷനുണ്ടാക്കുന്നു. എങ്ങനെയാണ് പോണ്ടത്,എങ്ങോട്ടാ പോണ്ടത് എന്ന ചിന്ത മാത്രമേ നമുക്കുള്ളൂ. ബാക്കിയെല്ലാം ചെയ്യുന്നത് നമ്മുടെ സ്റ്റാഫാണ്. അവരില്ലെങ്കിൽ നമ്മളില്ല. അത്രയും സ്‌ട്രോങ് ആയ ടീമാണ് ഞങ്ങളോടൊപ്പം വർക്ക് ചെയ്യുന്നത്. ഞങ്ങളുടെ എക്സ്റ്റൻഡഡ് ഫാമിലിയാണ് ബേക്കറി ബിയിലെ തൊഴിലാളികൾ.” ബേക്കറി ബിയിലെ ജീവനക്കാരെ കുറിച്ച് പറയുമ്പോൾ അച്ഛനെ പോലെ തന്നെ മകൻ വിജേഷിനും നൂറ് നാവാണ്.
1967 ൽ പദ്മ തിയേറ്ററിനടുത്ത് ആരംഭിച്ച ബേക്കറിയ്ക്ക് കച്ചേരിപ്പടിയിലും കലൂരും,ഇടപ്പള്ളിയിലുമെല്ലാം ഔട്ട്‌ലെറ്റുകളായതോടെ കൊച്ചിയുടെ രുചിഭൂപടത്തിൽ അങ്ങനെ ബേക്കറി ബിയ്ക്കും പ്രത്യേക സ്ഥാനമായി. കസ്റ്റമേഴ്‌സാണ് രാജാവ് എന്ന് പലവുരു ഉരുവിടുക മാത്രമല്ല,കസ്റ്റമേഴ്‌സിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നേരിട്ട് ചോദിച്ച് മനസിലാക്കി,ബേക്കറിയിലെത്തിക്കുന്ന ഓരോ പലഹാരത്തിനും മാറ്റങ്ങൾ വരുത്തിയാണ് ബേക്കറി ബി കൊച്ചിയിൽ സ്ഥാനമുറപ്പിച്ചത്. ഒരു കിലോ കേക്ക് തന്നെ കസ്റ്റമർ വാങ്ങണമെന്ന ശാഠ്യം ഉപേക്ഷിച്ച് അരക്കിലോയുടെയും മുക്കാൽ കിലോയുടെയും കേക്ക് എത്തിച്ചതോടെ വിൽപ്പന കൂടുക മാത്രമാണ് ഉണ്ടായതെന്ന് വിജേഷ് സാക്ഷ്യപ്പെടുത്തുന്നു. ‘നമ്മൾ പുതിയ പ്രൊഡക്ട് വിപണിയിലിറക്കും മുൻപ് കസ്റ്റമേഴ്‌സിന് ആദ്യം സാമ്പിൾ കൊടുക്കാറുണ്ട്..പെട്ടെന്ന് തന്നെ അഭിപ്രായം കിട്ടാറുണ്ട്…നല്ലതാണെങ്കിൽ നല്ലത് എന്ന് പറയും,മോശമാണെങ്കിൽ കടയിൽ വിൽക്കരുതെന്ന് പറയും..അങ്ങനെ തുറന്നുപറയുന്ന കസ്റ്റമേഴ്‌സാണ് ശക്തി”യെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
കണ്ടതും കേട്ടതുമല്ലാതെ നൂറുകണക്കിന് പലഹാരങ്ങളുടെ നീണ്ട നിരതന്നെ ബേക്കറി ബിയ്ക്ക് സ്വന്തമായിട്ടുണ്ടെങ്കിലും അധികദിവസം അത് അടുക്കളയിലെ അലമാരയിൽ സൂക്ഷിച്ചുവയ്ക്കാനാവില്ല. കൊതിപ്പിക്കുന്ന രുചി മാത്രമല്ല അതിന് കാരണം. പ്രിസർവേറ്റീവുകളൊന്നും ചേർക്കാതെ മായം തൊടാതെ,ഞാൻ കഴിക്കുന്നതെന്തോ അതേ കടയിൽ വിൽക്കുമെന്ന ഉറപ്പാണ് അച്ഛനും മകനും നൽകുന്നത്. അതുകൊണ്ട് തന്നെ ബേക്കറി ബിയുടെ ഉത്പന്നങ്ങൾക്കും ലൈഫ് കുറവ്. ബേക്കറി പലഹാരങ്ങൾ വച്ചിരിക്കാതെ വേഗം കഴിച്ച് തീർക്കൂയെന്ന് വിശ്വേട്ടെന്റെ സ്‌നേഹശാസനയും.
ബേക്കറിയുടെ ബിയുടെ ഓരോ ഉത്പന്നത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്താൻ വലിയ ടീം തന്നെ സ്വന്തമായുണ്ട്. ഗോതമ്പ് പൊടിമുതൽ എണ്ണയും പഞ്ചസാരയും വരെ ബേക്കറി ബിയുടെ ക്വാളിറ്റി ചെക്കിംഗിൽ നൂറിൽ നൂറ് മാർക്ക് നേടിയാലേ പലവിധപലഹാരങ്ങളിലേക്ക് രൂപം മാറാനായി അടുക്കളയിലേക്കെത്തൂ. അസംസ്‌കൃത വസ്തുക്കൾ ഏറ്റവും മികച്ച ഇടത്ത് നിന്ന് നേരിട്ട് വാങ്ങുകയാണ് പതിവെങ്കിലും ക്വാളിറ്റി ചെക്കിംഗ് നിർബന്ധം. അടുക്കളയിൽ നിന്ന് പലഹാരങ്ങൾക്ക് നേരെ ഓടി ബേക്കറിയിലെ ചില്ലുകൂട്ടിലേക്കെത്താനാവില്ല. രാവിലെ മൂന്ന് മണിക്ക് പണികളാരംഭിക്കുന്ന അളുക്കളയിലെ ഓരോ ബാച്ച് ഉത്പന്നവും ക്വാളിറ്റി ചെക്കിംഗിന് വിധേയമാകുന്നു. ചെറിയ പ്രശ്‌നമെന്തെങ്കിലും ടീമിലൊരാൾ ചൂണ്ടിക്കാട്ടിയാൽ ഒരും മടിയും കൂടാതെ ആ ബാച്ച് ഉത്പന്നത്തെ ഉപക്ഷിക്കുകയെന്നതാണ് ബേക്കറി ബി തുടർന്ന് പോകുന്നത്. ക്വാളിറ്റിയിൽ നോ കോപ്രമൈസ് എന്നത് ഒരു എണ്ണമെഴുക്കോ പൊടിയോ പോലും ഇല്ലാത്ത അടുക്കളയും സാക്ഷ്യപ്പെടുത്തുന്നു.
മലയാളിയുടെ വാങ്ങലുകൾ ഓൺലൈനിലേക്കായപ്പോൾ ബേക്കറി ബിയും ആ ട്രെൻഡിനൊപ്പം ചേർന്നു. സ്വന്തം വെബ്‌സൈറ്റിൽ കൊതിയൂറും പലഹാരങ്ങൾ നിറഞ്ഞ് നിൽക്കുന്നു. കൊച്ചിയിലെ പലഹാരപ്രിയർക്ക് ഇഷ്ടപ്പെട്ടതെല്ലാം വീട്ടിലെത്തിച്ച് നൽകുന്നുണ്ട് ഇന്ന് ബേക്കറി ബി. 58 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ബേക്കറി ബിയുടെ കഥ തുടരുകയാണ്. അച്ഛന്റെ പാരമ്പര്യവും വിശ്വാസവും ഒട്ടും ചോർന്ന് പോകാതെ കാത്തുസൂക്ഷിക്കാൻ ബേക്കറി ബിയുടെ അമരക്കാരനായി ഇന്ന് വിജേഷുണ്ട്. ‘പലരും എല്ലാ ബിസിനസിനെയും കാണുന്നത് ഇപ്പോ ഉള്ളവരുടെ വിജയം മാത്രമാണ്. ബിഹൈൻഡ് ദ സീൻ എന്തൊക്ക വർക്ക് ചെയ്തിട്ടുണ്ട്, എത്ര കാലമായി ഇത് ചെയ്യുന്നുണ്ട് എന്നൊന്നും ആർക്കും അറിയണമെന്നില്ല. പുതുതായി ബിസിനസിലേക്ക് വരുന്നവരെല്ലാം കാണുന്നത് ഇന്നത്തെ ഗ്ലോറിയാണ്. എത്രമാത്രം കഷ്ടപ്പാട് ഇതിന് പിറകിലുണ്ടായിട്ടുണ്ടെന്ന് ചിലപ്പോൾ മനസിലാക്കാതെ,അവരും ബിസിനസിലേക്ക് വരുന്നത്. ആദ്യ ദിവസം മുതൽ ഇങ്ങനെയായിരിക്കുമെന്ന പ്രതീക്ഷയിലായിരിക്കും അവർ ഉണ്ടാകുക. ജേർണി എന്താണെന്ന് മനസിലാക്കി, നാളെ എന്താണോ നമ്മൾ എത്താനുള്ളത്,അതിലേക്ക് ഫോക്കസ് ചെയ്ത് പാഷനേറ്റ് ആയിട്ട്, വർക്ക് ചെയ്യുക, സമയവും ഡിസിപ്ലിനും അതിന് വലിയ ഘടകമാണ്.ഓവർനൈറ്റ് സക്‌സസ് വളരെ കുറവാണ്..സമയം കൊടുക്കുക,ക്ഷമയും കഠിനാധ്വാനവുമാണ് വിജയമന്ത്രമെന്ന് വിജേഷ് പറയുന്നു.
ബേക്കറി ബി വളരുകയാണ്…ഇന്ന് കൊച്ചിയുടെ ആഘോഷങ്ങളിൽ രുചിയുടെ പങ്കുകാരനായി അവരുണ്ട്. സെലിബ്രേറ്റ് എവരി മൊമെന്റ്..എല്ലാ നിമിഷങ്ങളെയും ആഘോഷമാക്കാൻ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ട്.
Discussion about this post