ന്യൂഡൽഹി: മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പുലർത്തിയ കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബയെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കേസിൽ വീണ്ടും വാദം കേൾക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് കേസിൽ വാദം കേൾക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പുലർത്തിയ കേസിൽ സായിബാബയെ കുറ്റവിമുക്തനാക്കിയത്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പുലർത്തുകയും രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 2017ലായിരുന്നു ഗഡ്ചിരോളി സെഷൻസ് കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
നിരോധിത ഭീകര സംഘടനയ്ക്ക് വേണ്ടിയുള്ള പ്രവർത്തനം, നിരോധിത ഭീകര സംഘടനയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കൽ, നിരോധിത ഭീകര സംഘടനയുടെ ആശയപ്രചാരണം എന്നീ കുറ്റങ്ങൾക്കായിരുന്നു കോടതി സായിബാബയെ ശിക്ഷിച്ചത്. സായിബാബക്കൊപ്പം ജെ എൻ യു മുൻ വിദ്യാർത്ഥി ഹേം മിശ്ര, മഹേഷ് കരിമാൻ തിർക്കി, പാണ്ഡുപൊര നരോത്തെ, മാദ്ധ്യമ പ്രവർത്തകൻ പ്രശാന്ത് സാംഗ്ലിക്കർ, വിജയ് തിർക്കി എന്നിവരെയും കോടതി ശിക്ഷിച്ചിരുന്നു. അപ്പീൽ വേളയിൽ നരോത്തെ മരണപ്പെട്ടിരുന്നു.
മാവോയിസ്റ്റ് കേസിൽ 2014ലായിരുന്നു സായിബാബ അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും മാവോയിസ്റ്റ് ലഘുലേഖകൾ, പുസ്തകങ്ങൾ, ഇലക്ട്രോണിക് തെളിവുകൾ എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു. സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടകൾക്കെതിരെ പലപ്പോഴും പരസ്യമായി ഇയാൾ രംഗത്ത് വന്നിരുന്നു. നിലവിൽ 90 ശതമാനം തളർന്ന ശരീരവുമായാണ് സായിബാബ ജീവിക്കുന്നത്.
Discussion about this post