യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു. സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നും ഹൂതി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് യെമനിൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.
മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്തെ ഒരു സ്‌കൂളിലാണ് സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് വന്നിരുന്നത്. അപകടമുണ്ടായതറിഞ്ഞ് ആളുകൾ പ്രദേശത്ത് ഓടിക്കൂടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് ഉത്തരവാദികളായവരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ അപകടത്തിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്നതും, ആളുകൾ ബഹളം വച്ച് ഓടുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.
Discussion about this post