സൂറത്ത്: മാനനഷ്ടക്കേസിൽ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് വിധി പറയും. ഹർജിയിൽ നേരത്തെ വാദം പൂർത്തിയായിരുന്നു. ജഡ്ജി ആഎസ് മൊഗേരയാണ് വിധി പറയുന്നത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും.
സ്റ്റേ ലഭിച്ചില്ലെങ്കിൽ ലോക്സഭയിലെ അയോഗ്യത തുടരുകയും ഹൈക്കോടതിയെ സമീപിക്കേണ്ടിയും വരും. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്ത് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുലിന്റെ അഭിഭാഷകർ സെഷൻസ് കോടതിയിൽ വാദിച്ചത്. ശിക്ഷാ വിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയും രണ്ട് അപ്പീൽ ഹർജികളാണ് രാഹുൽ നൽകിയത്. എംപി സ്ഥാനം നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള കടുത്ത വിധിയാണ് കീഴ്ക്കോടതിയിൽ നിന്നുണ്ടായതെന്നും രാഹുലിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. രണ്ട് വർഷം തടവുശിക്ഷ വിധിച്ചതിനെത്തുടർന്നാണ് എംപി സ്ഥാനത്ത് നിന്ന് രാഹുൽ അയോഗ്യനായത്.
തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന ആളായതിനാല്‍ രാഹുലിന് പ്രത്യേക ഇളവിന്റെ കാര്യമില്ലെന്ന് പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ വാദിച്ചു. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ കർണാടകയിൽ കോലാറിൽ വച്ച് പിന്നാക്ക സമുദായത്തിനെതിരെ രാഹുൽ നടത്തിയ വിവാദ പ്രസംഗമാണ് കേസിന് ആധാരം.
Discussion about this post