ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിർമ്മാണത്തിലിരിക്കുന്ന ചെനാബ് പാലത്തിന്റെ ചിത്രങ്ങൾ കണ്ട് അഭിനന്ദനം അറിയിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ അദ്ദേഹത്തിന്റെ ക്യാബിന് പുറത്ത് വച്ചാണ് ടിം കുക്ക് ചെനാബ് പാലത്തിന്റെ ഫോട്ടോ കണ്ടത്. ഫോട്ടോ കണ്ട ഉടനെ അദ്ദേഹം അത്ഭുതപ്പെടുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
ചെനാബ് പാലത്തിന്റെ പ്രത്യേകതകളെ കുറിച്ച് അശ്വിനി വൈഷ്ണവ് ടിം കുക്കിന് വിവരിച്ച് കൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ വർഷം ഡിസംബറോടെ ചെനാബ് റെയിൽവേ പാലത്തിലൂടെ വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങുമെന്ന് അശ്വിനി വൈഷ്ണവ് കുക്കിനോട് പറയുന്നുണ്ട്. പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്തതാണെന്നും, അടുത്തിടെ റെയിൽവേ ട്രാക്ക് കമ്മീഷൻ ചെയ്തുവെന്നും അദ്ദേഹം പറയുന്നുണ്ട്. വടക്കൻ കശ്മീരിനെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഈഫൽ ടവറുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പാലത്തിന് ഏകദേശം 30 മീറ്റർ അധികം ഉയരമുണ്ടെന്ന വിവരവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
ഇത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു ടിം കുക്കിന്റെ മറുപടി. ഇന്ത്യ ഏകദേശം 5000 കിലോമീറ്റർ പുതിയ ട്രാക്കുകൾ സ്ഥാപിച്ചു. സ്വിറ്റ്സർലൻഡിലേത് പോലെ ഒരു പുതിയ നെറ്റ്വർക്ക് സ്ഥാപിക്കുന്നത് പോലെയാണിതെന്നും അതിവേഗമാണ് രാജ്യം ഈ മേഖലയിൽ പ്രവർത്തിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറയുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം വന്ദേഭാരത് ട്രെയിനിന്റെ മാതൃകയിലുള്ള മൊമന്റോയും അദ്ദേഹം ടിം കുക്കിന് സമ്മാനിച്ചു.
Discussion about this post