കൊൽക്കത്ത : ആശുപത്രിയിലെത്താൻ ആംബുലൻസ് നൽകാത്തതിനെ തുടർന്ന് 50 കാരി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലാണ് സംഭവം. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചെങ്കിലും ഇവർക്ക് ആംബുലൻസ് സൗകര്യം ഒരുക്കി കൊടുത്തില്ല. മറ്റേതെങ്കിലും വാഹനത്തിൽ രോഗിയെ ആശുപത്രിയിലെത്തിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്നതിനിടെ രോഗിയായ സ്ത്രീ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഭത്തർ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. 50 കാരിയായ മനേക കോഡയാണ് മരിച്ചത്. ബർധമാനിലേക്ക് ട്രെയിനും കാത്ത് മരത്തിന് കീഴിലിരിക്കുമ്പോഴാണ് ഇവർ കുഴഞ്ഞുവീണത്.
കച്ചിഗോറിയ ഗ്രാമത്തിൽ ഭർത്താവിനൊപ്പം വയലിൽ ജോലി ചെയ്യുന്നതിനിടെ മനേക കോഡയ്ക്ക് സൂര്യാഘാതമേറ്റിരുന്നു. ഭത്തർ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് രണ്ട് കുപ്പി സലൈൻ വാട്ടർ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായ ബർധമാൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.
എന്നാൽ ആംബുലൻസ് സൗകര്യം ഒരുക്കിക്കൊടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. ഏതെങ്കിലും സ്വകാര്യ വാഹനത്തിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നിർദ്ദേശിച്ചത്. അതിന് പണമില്ലാത്തതിനാൽ ട്രെയിനിൽ പോകാൻ ഇവർ തീരുമാനിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കാത്തിരിക്കുന്നതിനിടെയാണ് 50 കാരി കുഴഞ്ഞുവീണത്.
സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. എന്നാൽ തങ്ങളുടെ ആംബുലൻസ് തകരാറിലായിരുന്നുവെന്നും അറ്റകുറ്റപ്പണി നടത്തി വരികയാണെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
Discussion about this post