ന്യൂഡൽഹി: ലാവലിൻ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. പിണറായിക്കൊപ്പം കേസിൽ നിന്ന് ഒഴിവാക്കപ്പെട്ട ഫ്രാൻസിസ് ആണ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്. ലാവലിൻ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് നീക്കം. അഭിഭാഷകന് കൊറോണ ആണെന്നാണ് കത്തിൽ പറയുന്നത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത്.
മുപ്പതിലധികം തവണ മാറ്റി വെച്ച ലാവലിൻ ഹർജികൾ ഏറ്റവും അവസാനം സുപ്രീംകോടതി പരിഗണിച്ചത് കഴിഞ്ഞ വർഷം നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജികൾ അന്ന് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് യു.യു. ലളിത് വിരമിച്ച ശേഷം പിന്നീട് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നില്ല.തിങ്കളാഴ്ച്ച പരിഗണിക്കുന്ന ഇരുപത്തിയൊന്നാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ











