ചെന്നൈ : സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ്-2 ലുമെലൈറ്റ്-4 എന്നിവയെ ഭ്രമണപഥത്തിൽ എത്തിച്ച് പിഎസ്എൽവി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഉച്ചയ്ക്ക് 2.19നാണ് രണ്ട് ഉപഗ്രഹങ്ങളെയും കൊണ്ട് പിഎസ്എൽവി കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ 57ാമത് വിക്ഷേപണമാണിത്. 57 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളാണു 586 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്.
വിക്ഷേപണത്തറയിലെത്തിക്കാതെ റോക്കറ്റിന്റെ ഘടകങ്ങൾ വേഗത്തിൽ സംയോജിപ്പിക്കുന്ന പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി (പിഐഎഫ്) ഉപയോഗപ്പെടുത്തിയ ആദ്യ പിഎസ്എൽവി റോക്കറ്റാണ് വാണിജ്യ വിക്ഷേപണത്തിനായി ഐഎസ്ആർഒ ഉപയോഗിച്ചത്. സിംഗപ്പൂർ ഗവൺമെന്റിനായി ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഏജൻസിയും (ഡിഎസ്ടിഎ) എസ്ടി എൻജിനീയറിങ്ങും ചേർന്ന് വികസിപ്പിച്ചെടുത്ത സിന്തറ്റിക് അപ്പേർച്ചർ റഡാർ ഉപഗ്രഹമാണ് ടെലിയോസ്-2. ഇത് സിന്തറ്റിക് അപ്പേർച്ചർ റഡാർ (SAR) പേലോഡ് വഹിക്കുന്നു. എല്ലാ കാലാവസ്ഥയിലും രാവും പകലും ഇവ കവറേജ് നൽകുന്നുണ്ട്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫോകോം റിസർച്ച് ആൻഡ് സാറ്റലൈറ്റ് ടെക്‌നോളജി ആൻഡ് റിസർച്ച് സെന്റർ, ഹൈ-പെർഫോമൻസ് സ്‌പേസ്-ബോൺ വിഎച്ച്എഫ് ഡാറ്റാ എക്‌സ്‌ചേഞ്ച് സിസ്റ്റത്തിന്റെ (വിഡിഇഎസ്) സാങ്കേതിക പ്രദർശനത്തിനായി വികസിപ്പിച്ചെടുത്ത നൂതന 12 യു ഉപഗ്രഹമാണ് ലുമെലൈറ്റ്-4.
രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്എൽവി ഓർബിറ്റൽ എക്സ്പരിമെന്റ് മൊഡ്യൂൾ – പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാകുന്നു. പോം വഹിക്കുന്ന പിഎസ്എൽവിയുടെ മൂന്നാമത്തെ ദൗത്യമാണിത്. പോളാർ എർത്ത് ഓർബിറ്റിൽ പരീക്ഷണം നടത്തുകയാണ് പോമിന്റെ കർത്തവ്യം. ഒരു മാസമാണ് പോമിന്റെ പ്രവർത്തന കാലാവധി.
പിഒഇഎം-2 പ്ലാറ്റ്‌ഫോമിൽ ഐഎസ്ആർഒ, ബെലാട്രിക്സ്, ധ്രുവ് സ്പേസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, എന്നിവയുടേതായ ഏഴ് പേലോഡുകൾ ഉണ്ടായിരിക്കും. പ്രൈമറി, കോ-പാസഞ്ചർ ഉപഗ്രഹങ്ങൾ വേർപെടുത്തിയ ശേഷം ഈ പേലോഡുകൾ ശാസ്ത്രജ്ഞർ പ്രവർത്തിപ്പിക്കും. ഊർജ്ജ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ പ്ലാറ്റ്‌ഫോമിൽ സൂര്യന് നേരെ അഭിമുഖമായി വിന്യസിച്ചിരിക്കുന്ന ഒരു സോളാർ പാനൽ ഉണ്ടായിരിക്കും. , പേലോഡുകൾക്കും ഏവിയോണിക് പാക്കേജുകൾക്കും അവയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി വൈദ്യുതി എത്തിക്കാനും സഹായിക്കും.
Discussion about this post