ആലപ്പുഴ: ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചെന്ന് ആരോപിച്ച് കാറുടമയായ പട്ടണക്കാട് സ്വദേശിയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. പട്ടണക്കാട് കടക്കരപ്പള്ളിയിൽ സുജിത്തിനാണ് രണ്ട് തവണ നോട്ടീസ് ലഭിച്ചത്. തനിക്കുള്ളത് കാറാണെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചെങ്കിലും നടപടി നേരിട്ടേ മതിയാകൂ എന്ന നിലപാടിലാണ് പോലീസും മോട്ടോർവാഹന വകുപ്പുമെന്നും സുജിത്ത് പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 26 നായിരുന്നു സുജിത്തിന് ആദ്യമായി ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് നോട്ടീസ് ലഭിച്ചത്. നോട്ടീസ് ശരിയായി പരിശോധിക്കാതിരുന്ന സുജിത്ത് നിർദ്ദേശ പ്രകാരം 500 രൂപ പിഴയൊടുക്കി. എന്നാൽ വിശദമായി നോട്ടീസ് പിന്നീട് പരിശോധിച്ചപ്പോഴാണ് പ്രസ്തുത നമ്പറിൽ കാറുള്ള തനിക്ക് ഹെൽമറ്റ് ധരിക്കാത്തതിനാണ് പിഴയെന്ന് വ്യക്തമായത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ആലപ്പുഴ ട്രാഫിക് പോലീസായിരുന്നു സുജിത്തിന് ആദ്യ നോട്ടീസ് അയച്ചത്.
പിന്നീട് ദിവസങ്ങൾക്ക് മുൻപ് ആലുവ റൂറൽ കൺട്രോൾ റൂമിൽ നിന്നും ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിഴ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനൊപ്പം രണ്ട് പേർ ബൈക്കിൽ പോകുന്നതിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇതോടെ തനിക്ക് കാറാണുള്ളതെന്ന് രേഖകളുമായി സുജിത് വീണ്ടും പോലീസ് സ്‌റ്റേഷനും മോട്ടോർവാഹന വകുപ്പ് ഓഫീസും കയറി ഇറങ്ങുകയായിരുന്നു. എന്നാൽ ഒന്നും ചെയ്യാനാകില്ലെന്നാണ് സുജിതിനോട് ഉദ്യോഗസ്ഥർ പറയുന്നത്.
Discussion about this post