പാരീസ്: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ബെല്‍ജിയന്‍ പൗരനും ഐസിസ് നേതാവുമായ അബ്ദെല് ഹാമിദ് അബൗദാണെന്ന് ഫ്രഞ്ച് അധികൃതര്‍. ഇയാള്‍ നിലവില്‍ സിറിയയിലാണെന്നാണ് സൂചന. യൂറോപ്പില്‍ നിരവധി ആക്രമണങ്ങളുടെ ആസൂത്രണത്തില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ് അബൗദ്.
ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിയ്ക്കുന്നവരുടെ വീടുകള്‍ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. നൂറ്റിയെഴുപതോളം റെയ്ഡുകള്‍ നടത്തിയ ഫ്രഞ്ച് പൊലീസ് 23 പേരെയാണ് ഇതുവരെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
ഇവരില്‍ നിന്ന് റോക്കറ്റ് ലോഞ്ചറുകളും കെലാഷ്നിക്കോവുകളുമടക്കം വന്‍ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നൂറോളം പേരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഇത് നടപടികളുടെ തുടക്കം മാത്രമാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി പറഞ്ഞു. ആക്രമണത്തിന്റെ പ്രധാന ആസൂത്രണ കേന്ദ്രമെന്ന് വിലയിരുത്തപ്പെടുന്ന ബെല്‍ജിയത്തിലും സമാനമായ രീതിയില്‍ അന്വേഷണവും അറസ്റ്റുകളും തുടരുകയാണ്.
കൊല്ലപ്പെട്ട ഏഴ് ചാവേറുകളില്‍ അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ നാല് പേര് ഫ്രഞ്ച് പൗരന്മാരാണ്. അഞ്ചാമത്തെയാള്‍ ഗ്രീസില്‍ അഭയാര്‍ത്ഥിയായി രജിസ്റ്റര്‍ ചെയ്ത സിറിയന്‍ പൗരനാണെന്നാണ് സൂചന. നേരത്തെ ഈ വര്‍ഷം അഞ്ചോളം ഭീകരാക്രമണ ശ്രമങ്ങള്‍ ഫ്രഞ്ച് ഇന്റലിജന്‍സിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തടയാന്‍ കഴിഞ്ഞിരുന്നു.
Discussion about this post