ചെന്നൈ: തമിഴ്‌നാട്ടിൽ ദിണ്ടിഗലിൽ മദ്യപിച്ച മദോന്മദനായി 19 കാരന്റെ പരാക്രമം. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ 19 കാരൻ വാഹനങ്ങൾ അടിച്ചു തകർത്തു. വേദസന്ധൂർ ബസ് സ്റ്റാൻഡിന് മുമ്പിലായിരുന്നു സംഭവം. യുവാവിനെ നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഉച്ച നേരത്താണ് യുവാവ് ബോധമില്ലാതെ റോഡിൽ അതിക്രമം കാണിച്ചത്.
അരമണിക്കൂറിൽ അധികം യുവാവ് അക്രമം തുടർന്നു. അതിക്രമം തുടർന്നതോടെ പ്രദേശത്തുണ്ടായിരുന്ന ഒരു വയോധികൻ യുവാവിനെ പിടിച്ചു. അപ്പോഴേയ്ക്കും നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു പോലീസുകാരൻ സംഭവം അന്വേഷിക്കാനെത്തി.
യുവാവുമായി ബൈക്കിൽ പോകാൻ തുടങ്ങുമ്പോൾ ഇയാൾ വീണ്ടും ബഹളം വച്ചു. ഇതോടെ, നാട്ടുകാർ അക്രമാസക്തരായി യുവാവിനെ മർദിച്ചു. ചിലർ ഇടപെട്ട് വേഗത്തിൽ യുവാവിനെയും പോലീസുകാരനെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ചോദ്യം ചെയ്തതിൽ നിന്നും രാജ എന്നാണ് പേരെന്നും താരാപുരത്ത് ജോലി ചെയ്യുകയാണെന്നും യുവാവ് വെളിപ്പെടുത്തി. അവധിയ്ക്ക് നാട്ടിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് ബോധം പോയതാണെന്നും പറഞ്ഞു. ഇതോടെ, കേസെടുക്കാതെ ഇയാളെ താക്കീതു ചെയ്ത് വിട്ടയക്കുകയായിരുന്നു.
Discussion about this post