ദിനാജ്പൂർ: പശ്ചിമ ബംഗാളിലെ ദിനാജ്പൂരിൽ കലിയഗഞ്ചിൽ 17കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷവുമായി ബന്ധപ്പെട്ട് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് പോലീസും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷ പ്രിയങ്ക് കനൂംഗോയുടെ നേതൃത്വത്തിലുള്ള സംഘം മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നതിന് തൊട്ടുമുൻപായിട്ടാണ് സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
കലിയഗഞ്ചിൽ രണ്ടാഴ്ചത്തേയ്ക്കാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗോത്രവർഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. ട്യൂഷന് പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ദിവസം സമീപത്തെ കനാലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം പോലീസ് അകമ്പടിയോടെയാണ് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പ്രിയങ്ക് കനുംഗോയ്ക്ക് അനുവാദം നൽകിയത്. പോലീസ് യാതൊരു ദയയും ഇല്ലാതെയാണ് പെൺകുട്ടിയുടെ കുടുംബത്തോട് പെരുമാറുന്നതെന്ന് കനൂംഗ് ആരോപിച്ചു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളിൽ ഒരാളുടെ മൊഴി പോലും പോലീസ് ഇതുവരെ എടുത്തിട്ടില്ല. പിന്നെ എന്ത് അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും കനൂംഗ് ചോദിച്ചു
എന്നാൽ ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷ അവിടം സന്ദർശിക്കേണ്ട സാഹചര്യമൊന്നും ഉണ്ടായിട്ടില്ലെന്ന് ബംഗാളിലെ ബാലാവകാശ കമ്മീഷൻ ആരോപിച്ചു. സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ബംഗാളിൽ എത്തിയതെന്ന് ചെയർപേഴ്‌സൺ അനന്യ ചക്രവർത്തി പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചാണ് അവർ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്. അവർ ആ വീട്ടിലേക്ക് പോകുന്നുണ്ടെങ്കിൽ ആദ്യം തങ്ങളെയായിരുന്നു അറിയിക്കേണ്ടിയിരുന്നതെന്നും അനന്യ ചക്രവർത്തി ആരോപിച്ചു.
Discussion about this post