കൊല്‍ക്കത്ത: ബിജെപിക്കെതിരായ മഹാസഖ്യത്തില്‍ ഒരു ഈഗോ പ്രശ്‌നവുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കവേയാണ് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന് ബംഗാള്‍ മമത വ്യക്തമാക്കിയത്. തനിക്ക് ബിജെപി വട്ടപ്പൂജ്യമായി കണ്ടാല്‍ മതിയെന്നും അതിനു വേണ്ടി തങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മമത പറഞ്ഞു.
ഒരേ മനസുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് താന്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ടെന്ന് മമത പറഞ്ഞു. ‘താനൊരു അപേക്ഷ മാത്രമേനിതീഷ് കുമാറിന് മുന്നില്‍ വെച്ചിട്ടുള്ളു. ജയപ്രകാശ് (നാരായണന്‍)ജിയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ബീഹാറില്‍ നിന്നായിരുന്നു.അതുപോലെ ബീഹാറില്‍ നമ്മളും സര്‍വ്വകക്ഷി യോഗം നടത്തിയാല്‍ അടുത്തതായി എങ്ങോട്ട് പോകണമെന്ന് നമുക്ക് തീരുമാനിക്കാനാകും. പക്ഷേ ആദ്യം, നമ്മള്‍ ഒന്നായി എന്ന സന്ദേശം നല്‍കണം. എനിക്ക് എതിര്‍പ്പുകള്‍ ഒന്നും ഇല്ലെന്ന് ഞാന്‍ നേരത്തേയും പറഞ്ഞിട്ടുണ്ട്. ബിജെപിയെ വട്ടപ്പൂജ്യമാക്കണമെന്നതാണ് എന്റെ എപ്പോഴത്തേയും ആഗ്രഹം’. നിതീഷ് കുമാറിനും തേജസ്വി യാദവിനും ഒപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മമത പറഞ്ഞു.
മമതയുമയുള്ള ചര്‍ച്ചകള്‍ ഫലവത്തായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്നും ലഖ്‌നൗവിലേക്കാണ് നിതീഷ് പോകുക. അവിടെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്താനും നിതീഷ് കുമാര്‍ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post