തിരുവനന്തപുരം: രാജ്യത്തെ പൊതുഗതാഗത സംവിധാനം ഇന്ന് മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഇന്ന് ആരംഭിച്ച വന്ദേഭാരത് വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി അതിവേഗം ബന്ധിപ്പിക്കുന്നു. ഈ ട്രെയിനിന്റെ സഹായത്തോടെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് അതിവേഗം പോയി വരാനാകും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വന്ദേഭാരത് ട്രെയിനുകൾ പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഇന്ന് നാം തിരുവനന്തപുരം-ഷൊർണൂർ വഴി സെമി ഹൈ സ്പീഡ് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത് പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്ത് നിന്നും മംഗലാപുരം വരെ സെമിഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാനാകും.
രാജ്യത്തെ എല്ലാ ഗതാഗത മേഖലകളും ആധുനികവത്കരിക്കുന്നതിനുള്ള പദ്ധതികളാണ് ഇപ്പോൾ നടപ്പാക്കുന്നത്. വന്ദേഭാരത് ട്രെയിൻ മെയ്ഡ് ഇൻ ഇന്ത്യയാണ്. ഇന്ന് രാജ്യത്താകമാനം നഗരങ്ങളിൽ പലയിടത്തും മെട്രോ ട്രെയിനുകൾ സർവീസുകൾ നടത്തുന്നുണ്ട്. അവയെല്ലാം മെയ്ഡ് ഇൻ് ഇന്ത്യയാണ്. കൊച്ചി വാട്ടർ മെട്രോയും മെയ്ഡ് ഇൻ ഇന്ത്യയാണ്. ഈ പദ്ധതിക്കായി ബോട്ടുകൾ തയ്യാറാക്കിയ കൊച്ചിൻ ഷിപ്പ് യാർഡിനെ അഭിനന്ദിക്കുകയാണ്.
വാട്ടർ മെട്രോയിലൂടെ കൊച്ചിയിലെ വിദൂര ദ്വീപുകളിലുള്ള ആളുകൾക്ക് കുറഞ്ഞ ചെലവിൽ ആധുനിക യാത്രാസൗകര്യങ്ങൾ ലഭ്യമാകും. ജെട്ടികളായും ബസ് ടെർമിനലുകളായും മെട്രോ സ്‌റ്റേഷനുകളായാലും ഇവയ്ക്കിടയിൽ ഇന്റർ മോഡൽ കണക്ടിവിറ്റി ലഭ്യമാക്കുകയാണ്. ഇതുവഴി കൊച്ചിയിലെ ട്രാഫിക് പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ സാധിക്കും. ബാക്ക് വാട്ടർ ടൂറിസത്തിനും ഇത് വലിയ പ്രചോദനമാണ്. കേരളത്തിൽ നടപ്പാക്കുന്ന ഈ പദ്ധതികൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയായി മാറും.
ഫിസിക്കൽ കളക്ടിവിറ്റിക്കൊപ്പം ഡിജിറ്റൽ കണക്ടിവിറ്റിക്കൊപ്പം രാജ്യം പ്രാധാന്യം നൽകുന്നു. ഡിജിറ്റൽ സയൻസ് പാർക്ക് പോലെയുള്ള പദ്ധതികൾ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് പ്രചാരം നൽകുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നാം തയ്യാറാക്കിയ ഡിജിറ്റൽ പദ്ധതികളെ കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുന്നുണ്ട്. നാം തയ്യാറാക്കിയ ഡിജിറ്റൽ സംവിധാനങ്ങൾ വികസിത ഭാരതത്തിന്റെ മാതൃകയാണ്. രാജ്യത്ത് തുടക്കമിട്ട 5ജി ടെക്‌നോളജി നാം തന്നെ തയ്യാറാക്കിയതാണ്. എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന പദ്ധതികളാണ് നാം ഭാരതത്തിൽ കാണാൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post