റിയാദ്; ജോലിക്കിടെ വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ നാസർ മെതുകയിൽ (48) ആണ് മരിച്ചത്. റൂമിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാന് സമീപം മഹബുജിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനാണ് നാസർ മെതുക.
സൂപ്പർമാർക്കറ്റിലെ ജോലിക്കിടെ ശാരീരികമായ അസ്വാസ്ഥ്യം ഉണ്ടാകുകയും വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
28 വർഷമായി സൗദിയിലുള്ള നാസർ, ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ബെയ്ഷ് കെ.എം.സി.സി വൈസ് പ്രസിഡൻറ് സിദ്ദീഖ് താനൂർ സഹോദരനാണ്. ഭാര്യ – ഫൗസിയ അണ്ടതോട്. മക്കൾ – ഫുവാദ്, ഫാഹിം, നജാഹ്, റബാഹ്












