പാട്‌ന: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണി സന്ദേശം യുവാവ് കാമുകിയുടെ അച്ഛന്റെ നമ്പറിൽ നിന്ന് അയച്ചതാണെന്ന് കണ്ടെത്തി പോലീസ്. അമീൻ എന്ന 19കാരനാണ് പോലീസിന്റെ എമർജൻസി നമ്പറിലേക്ക് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 23ാം തിയതി രാത്രിയാണ് ” മുഖ്യമന്ത്രിയെ യോഗിയെ കൊലപ്പെടുത്തും” എന്നുള്ള സന്ദേശം പോലീസിന് കിട്ടുന്നത്.
സംഭവത്തിൽ പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകിയുടെ അച്ഛനെ കുരുക്കാൻ അമീൻ നടത്തിയ ആസൂത്രണമാണ് ഇതെന്ന് കണ്ടെത്തുന്നത്. ബേഗംപൂർവയിൽ നിന്നാണ് അമീനെ അറസ്റ്റ് ചെയ്തതെന്നും, ഭീഷണി സന്ദേശം അയയ്ക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തതായും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അങ്കിത ശർമ്മ പറഞ്ഞു.
യുവാവുമായുള്ള ബന്ധത്തിൽ പെൺകുട്ടിയുടെ അച്ഛന് അതൃപ്തി ഉണ്ടായിരുന്നു. ഇതോടെയാണ് ഇയാളെ കുടുക്കണമെന്ന് അമീൻ പദ്ധതി ഇട്ടത്. ഇതിന്റെ ഭാഗമായി ആദ്യം അമീന്റെ അച്ഛന്റെ ഫോൺ മോഷ്ടിച്ചു, അതിന് ശേഷമാണ് സന്ദേശം അയക്കുന്നത്. തന്റെ ഫോൺ 10 ദിവസം മുൻപ് നഷ്ടപ്പെട്ടതായി പെൺകുട്ടിയുടെ പിതാവും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post