കൊച്ചി: ചോളരാജവംശത്തിന്റെ ഐതിഹാസിക കഥ പറയുന്ന ലൈക്ക പ്രോഡക്ഷൻസ് നിർമ്മിക്കുന്ന മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തിൽ പങ്കുചേർന്ന് പ്രമുഖ കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരി. ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്ന വിക്രം, ഐശ്വര്യ റായ്, തൃഷ, കാർത്തി, ജയം രവി എന്നീ താരങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ലിമിറ്റഡ് എഡീഷൻ ബോട്ടിലുകൾ ബിസ്‌ലേരി പുറത്തിറക്കും. ഇതിനായി ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായി ധാരണയിലെത്തിക്കഴിഞ്ഞു.
പൊന്നിയൻ സെൽവൻ ചിത്രത്തിന്റെയും അതിലെ താരങ്ങളുടെയും ആരാധകർക്ക് ശേഖരിച്ചുസൂക്ഷിക്കാനായി അഞ്ച് സീരീസുകളായിട്ടാകും ബോട്ടിലുകൾ പുറത്തിറക്കുക. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ലിമിറ്റഡ് എഡിഷൻ ബോട്ടിലുകൾ ലഭ്യമാകുന്നത്.
ചെന്നൈയിലും കോയമ്പത്തൂരിലും ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കും. അതിനുപിന്നാലെയാകും ബിസ്‌ലേരി പ്രചാരണപരിപാടികൾ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യുക. നൂറോളം ബിൽബോർഡുകൾ, ബിസ്ലേരിയുടെ ട്രക്കുകൾ, സോഷ്യൽ മീഡിയ പേജുകൾ എന്നിവയും സിനിമയുടെ ആവേശത്തിൽ പങ്കുചേരും.
ഇതിന് മുൻപും ബോക്സ് ഓഫീസിൽ ഹിറ്റായ പല സിനിമകളുടെയും പ്രചാരണത്തിൽ ബിസ്‌ലേരി ഭാഗമായിട്ടുണ്ട്. ദക്ഷിണേന്ത്യൻ മാർക്കറ്റിലെ ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്താനും ബിസ്ലേരി ബ്രാൻഡിനെ യുവാക്കൾക്കിടയിൽ പരിചയപ്പെടുത്താനും പൊന്നിയൻ സെൽവൻ ചിത്രം സഹായിക്കുമെന്ന് ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ഹെഡ് തുഷാർ മൽഹോത്ര പറഞ്ഞു. ബിസ്‌ലേരിയുടെ ലിമിറ്റഡ് എഡിഷൻ ബോട്ടിലുകൾ ആരാധകരെ കൂടുതൽ ആവേശത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലൈക്ക പ്രൊഡക്ഷൻസിന്റെ സുഭാസ്‌കരൻ അല്ലിരാജ പറഞ്ഞു.
എല്ലാ പ്രധാന കടകൾക്കും പുറമെ Bisleri @Doorstep ആപ്പിലൂടെയും സ്പെഷ്യൽ എഡിഷൻ ബോട്ടിലുകൾ വാങ്ങാം. രണ്ട് സിനിമകളുടെ പരമ്പരയിലെ ആദ്യഭാഗം സൂപ്പർഹിറ്റായിരുന്നു. അന്നും ബിസ്‌ലേരി അതിന്റെ പ്രചാരണത്തിൽ പ്രധാന പങ്കുവഹിക്കുകയും ആരാധകരോടൊപ്പം ആവേശത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു.
കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴിലെ ഐതിഹാസിക സാഹിത്യ രചനയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെള്ളിയാഴ്ചയാണ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കേരളത്തിലുൾപ്പെടെ റിലീസ് ആകുന്നത്. എ.ആർ. റഹ്മാനാണ് സംഗീതസംവിധാനം.
Discussion about this post