ന്യൂഡൽഹി: സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഓപ്പറേഷൻ കാവേരി എന്ന പ്രത്യേക രക്ഷാദൗത്യത്തിന്റെ കരുതലിലാണ് ആദ്യ സംഘം യുദ്ധമുഖത്ത് നിന്ന് മാതൃരാജ്യത്തേക്ക് തിരികെ എത്തിയത്. 360 ഇന്ത്യൻ പൗരന്മാരാണ് ആദ്യ ഘട്ടത്തിൽ ഡൽഹിയിലെത്തിയത്.
കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ നേരത്തെ 500 ലധികം ഇന്ത്യക്കാര സുഡാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. ഇതിൽ 360 പേർ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു. സൗദി എയർലൈൻസ് എസ്.വി 3620 വിമാനത്തിലാണ് ഇന്ത്യയിലെത്തിയത്.
രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ജിദ്ദയിൽ നിന്ന് ഇന്ത്യൻ സംഘത്തെ യാത്രയാക്കിയത്. പൗരന്മാരുടെ വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിൽ 360 ലധികം ഇന്ത്യക്കാരെ ജിദ്ദ എയർപോർട്ടിൽ നിന്ന് യാത്രയാക്കിയതിൽ സന്തോഷമുണ്ട്, അവർ ഉടൻ തന്നെ മാതൃരാജ്യത്ത് എത്തും, ഓപ്പറേഷൻ കാവേരിയുടെ കീഴിൽ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കും. സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.










