ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസിലെ പ്രധാന പ്രതിയായ ഗഡ്ഡു മുസ്ലീം ഒളിച്ചു കഴിയുന്നത് ഹിന്ദു പേരിലും രൂപത്തിലുമെന്ന് പോലീസ്. ഇയാൾ ഒളിച്ചു കഴിഞ്ഞതായി വിവരം ലഭിച്ച സ്ഥലങ്ങളിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ 62 ദിവസമായി ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ഊർജ്ജിതമായി അന്വേഷണം നടത്തിയിട്ടും ഗഡ്ഡു മുസ്ലീമിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ തന്നെ ഇയാൾ രൂപമാറ്റം നടത്തിയാകാം രക്ഷപ്പെടുന്നതെന്ന് നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിലാണ് രക്ഷപ്പെടാൻ ഹിന്ദു പേരും രൂപവുമാണ് ഇയാൾ ഉപയോഗിച്ച് പോരുന്നത് എന്ന് വ്യക്തമായത്.
ബാബു, സുരേന്ദ്ര കുമാർ, സന്ദീപ് കുമാർ തുടങ്ങിയ പേരുകളാണ് ഒളിവിൽ തങ്ങുന്നതിനായി ഇയാൾ സ്വീകരിക്കുന്നത്. ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ താടി വളർത്തിയിട്ടുണ്ട്. അതിനാൽ സന്യാസി വേഷമാണ് രക്ഷപ്പെടാൻ ഇയാൾ ഉപയോഗിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം.
ഒഡീഷയിലാണ് ഗഡ്ഡു മുസ്ലീം അവസാനമായി ഒളിച്ച് താമസിച്ചത്. ഏപ്രിൽ രണ്ട് മുതൽ 13 വരെ ഇയാൾ ബർഗഡിൽ ഉണ്ടായിരുന്നു. ഇവിടെ നിന്നും ഇയാൾ പിന്നീട് എങ്ങോട്ടാണ് കടന്ന് കളഞ്ഞത് എന്ന കാര്യം പരിശോധിച്ചുവരികയാണ്. ഉമേഷ് പാൽ കൊലക്കേസ് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഗഡ്ഡുവാണെന്നാണ് പോലീസ് പറയുന്നത്. അതീഖ് അഹമ്മദും അഷറഫും ജയിലിൽ ആയപ്പോൾ ഇവരുടെ എല്ലാ ബിസിനസ്സുകളും കൈകാര്യം ചെയ്തിരുന്നത് ഇയാളാണ്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഉമേഷ് പാലിന്റെ കൊലയിലേക്ക് നയിച്ചത്.









Discussion about this post