പറ്റ്‌ന: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് പരാതി. പൊതുമദ്ധ്യത്തിൽ ഗുജറാത്ത് ജനതയെക്കുറിച്ച് മോശം പരാമർശം നടത്തിയതിനാണ് തേജസ്വി യാദവിനെതിരെ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. സാമൂഹിക പ്രവത്തകനും പ്രമുഖ വ്യാപാരിയുമായ ഹരീഷ് മേത്തയാണ് പരാതിക്കാരൻ.
മാർച്ച് 21 ന് നടത്തിയ പരാമർശത്തിലാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. അന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ‘ നിലവിലെ സാഹചര്യത്തിൽ ഗുജറാത്തിലെ ജനങ്ങൾക്ക് മാത്രമാണ് കൊള്ളക്കാരാകാൻ കഴിയുക’ എന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു. പരാമർശത്തിലൂടെ ഗുജറാത്തിലെ മുഴുവൻ ജനങ്ങളെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് മേത്ത പരാതി നൽകിയിരിക്കുന്നത്. ഇതിനൊത്തം പരാമർശം അടങ്ങിയ തേജസ്വിയുടെ വീഡിയോയും പെൻഡ്രൈവിലാക്കി സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അഭിഭാഷകൻ പിആർ പാട്ടീൽ മുഖാന്തിരമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നിന് കോടതി പരാതി പരിഗണിക്കും.
ഗുജറാത്തിലെ ജനങ്ങളെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളുമായി താരതമ്യം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു തേജസ്വി യാദവിന്റെ അപകീർത്തികരമായ പരാമർശം. നിലവിലെ സാഹചര്യത്തിൽ ഗുജറാത്തിലെ ജനങ്ങൾക്ക് മാത്രമാണ് കൊള്ളക്കാരാകാൻ സാധിക്കുക. എന്തെന്നാൽ ഇവരുടെ കുറ്റങ്ങളെല്ലാം പൊറുക്കപ്പെടും. ബാങ്കിൽ നിന്നും എൽഐസിയിൽ നിന്നുമൊക്കെ പണവുമായി ഇവർ കടന്നു കളഞ്ഞാൽ ആര് ഉത്തരവാദിത്വമേൽക്കുമെന്നും തേജസ്വി യാദവ് ചോദിച്ചിരുന്നു.
Discussion about this post