ലഖ്നൗ: ഈദ് ദിനത്തിൽ വിലക്ക് ലംഘിച്ച് നടുറോഡിൽ നിസ്കരിച്ച 1,700 പേർക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു. ഈദ്ഗാഹ് കമ്മിറ്റി അംഗങ്ങൾക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജജ്മാവു, ബാബുപൂർവ, ബജാരിയ എന്നിവിടങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈദിന് മുൻപേ തന്നെ റോഡിൽ നിസ്കരിക്കുന്നതിന് സംസ്ഥാനത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിസ്കാരം പള്ളികൾക്കുള്ളിലും പ്രത്യേകം സജ്ജീകരിച്ച ഈദ്ഗാഹുകൾക്കുള്ളിലും മാത്രമേ നടത്താവൂ എന്നും നിർദേശം നൽകിയിരുന്നു. ജനത്തിരക്ക് മൂലം ആർക്കെങ്കിലും നിസ്കരിക്കാൻ സാധിക്കാതെ വന്നാൽ, അവർക്കായി പോലീസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.
ഈ നിർദേശങ്ങൾ എല്ലാം അവഗണിച്ചാണ് ഈദ് ദിനത്തിൽ ആയിരത്തിലധികം പേരടങ്ങുന്ന സംഘം വിലക്കുകൾ ലംഘിച്ച് നടുറോഡിൽ നിസ്കരിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് നിയമലംഘകരെ കണ്ടെത്തിയിരിക്കുന്നത്. ഇവർക്കെതിരെ പൊതുഗതാഗതം തടസപ്പെടുത്തൽ, പകർച്ചവ്യാധി നിയമം ഉൾപ്പെടെ ഉള്ളവ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിനെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രതിഷേധം രേഖപ്പെടുത്തി.










