പാലക്കാട്: ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയ സംഭവത്തിൽ വനിതാ എഎസ്‌ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥ ആര്യശ്രീ (47) ആണ് അറസ്റ്റിലായത്. 93 പവൻ സ്വർണവും ഒൻപത് ലക്ഷം രൂപയുമാണ് സുഹൃത്തുക്കളിൽ നിന്നും ഇവർ തട്ടിയെടുത്തത്.
2017 ലായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. പഴയന്നൂർ, ഒറ്റപ്പാലം സ്വദേശികളിൽ നിന്നുമാണ് ഇവർ സ്വർണവും പണവും തട്ടിയത്. ലാഭം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞ് ആര്യശ്രീ ആദ്യം പഴയന്നൂർ സ്വദേശിനിയായ സുഹൃത്തിൽ നിന്നാണ് പണം തട്ടിയത്. 93 പവനും ഒന്നര ലക്ഷം രൂപയുമായിരുന്നു ഇവർ വാങ്ങിയത്. ഒരു വർഷത്തിന് ശേഷം 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയ്ക്ക് മൂന്ന് ലക്ഷം രൂപയും തിരികെ നൽകാമെന്നായിരുന്നു ആര്യശ്രീയുടെ വാഗ്ദാനം. എന്നാൽ സ്വർണവും പണവും ഇവർ തിരികെ നൽകിയില്ല.
ഇതിനിടെ ഒറ്റപ്പാലം സ്വദേശിയിൽ നിന്നും അതേ കാര്യം വാഗ്ദാനം ചെയ്ത് ഏഴര ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. രണ്ട് വർഷം കഴിഞ്ഞും ഈ പണവും തിരികെ ലഭിച്ചില്ല. ഇതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഒറ്റപ്പാലം പോലീസാണ് ആര്യശ്രീയെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അന്വേഷണ വിധേയമായി ഇവരെ സസ്‌പെൻഡും ചെയ്തിട്ടുണ്ട്.
Discussion about this post