ലണ്ടൻ: ലണ്ടനിലെ വിഖ്യാതമായ ഇംപീരിയൽ കോളേജ് സന്ദർശിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. കോളേജിലെത്തിയ അദ്ദേഹം അവിടത്തെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിച്ചു. യുവാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ച് അദ്ദേഹം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് കൊടുത്തു.
കേന്ദ്ര മന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഇംപീരിയൽ കോളേജ് 4 ലക്ഷം യൂറോയുടെ സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചു. ഇതിൽ 50 ശതമാനവും കോളേജിലെ ഇന്ത്യൻ പെൺകുട്ടികൾക്ക് നൽകാനും തീരുമാനമായി.
യുകെയിലെ ഗവേഷണ സ്ഥാപനങ്ങളിൽ എല്ലാ മാനദണ്ഡങ്ങൾ പ്രകാരവും മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് ഇംപീരിയൽ കോളേജ്. ഇന്ത്യയിൽ വ്യോമശാസ്ത്ര ഗവേഷണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നതിന്റെ നേട്ടങ്ങൾ കോളേജിൽ കേന്ദ്ര മന്ത്രി വിശദീകരിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് മാത്രം ഇന്ന് ഇന്ത്യയിൽ നൂറുകണക്കിന് സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള തലത്തിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമായി വളർന്നിരിക്കുന്നു. ഇന്ത്യയിലെത്തി ഗവേഷണങ്ങൾ തുടരാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും കേന്ദ്ര മന്ത്രി ഉറപ്പ് നൽകി.








