ബെല്ലാരി: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ രാഹുൽ നടത്തിയ പ്രഖ്യാപനത്തിലെ പൊളളത്തരം തുറന്നുകാണിച്ച് ബിജെപി. കഴിഞ്ഞ ദിവസം ബെല്ലാരിയിലെ പ്രചാരണ യോഗത്തിൽ ഇവിടുത്തെ ജീൻസ് നിർമിക്കുന്ന അപ്പാരൽ പാർക്കിനായി 5000 കോടി രൂപയാണ് രാഹുൽ പ്രഖ്യാപിച്ചത്. പക്ഷെ തുക വേദിയിൽ ഉണ്ടായിരുന്ന പാർട്ടി നേതാവ് രൺദീപ് സിംഗ് സുർജേവാലയോട് രാഹുലിന് ചോദിക്കേണ്ടി വന്നുവെന്ന് മാത്രം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപിയും വിഷയം ഏറ്റെടുത്തു.
കോൺഗ്രസ് നൽകുന്നത് പൊളളയായ വാഗ്ദാനങ്ങളാണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്ന് ബിജെപി നേതാക്കൾ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ച് ചോദിച്ചു. ഇങ്ങനെയാണ് രാഹുലും കോൺഗ്രസും കർണാടകയിലെ ജനങ്ങൾക്ക് ഉറപ്പുകൾ നൽകുന്നതെന്ന് ആയിരുന്നു വീഡിയോ പങ്കുവെച്ച് എംപിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ കുറിച്ചത്. എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് പോലും ഇവർക്ക് ഒരു ധാരണയുമില്ലെന്നും തേജസ്വി പരിഹസിച്ചു.
രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലുമൊക്കെ കോൺഗ്രസിന്റെ പരാജയപ്പെട്ട വാഗ്ദാനങ്ങൾ ഇപ്പോൾ കർണാടകയിലും ആവർത്തിക്കുകയാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. ഈ വാഗ്ദാനങ്ങൾ കർണാടകയിലെ ജനങ്ങൾ ഒരിക്കലും ഗൗരവത്തോടെ എടുക്കില്ലെന്നും ബംഗലൂരു സൗത്ത് എംപി കൂടിയായ തേജസ്വി സൂര്യ കൂട്ടിച്ചേർത്തു.
പറയുന്നതെല്ലാം വ്യാജമാണെന്ന് മാത്രമാണ് കോൺഗ്രസിന്റെ വാഗ്ദാനങ്ങളിലെ ഉറപ്പെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഇത്തരം വാഗ്ദാനങ്ങളിലൂടെ കർണാടകയിലെ ജനങ്ങളുടെ അന്തസാണ് രാഹുൽ ഇല്ലാതാക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെ അഞ്ച് ഉറപ്പുകളാണ് കർണാടകയിൽ കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്. വനിതാ ഗൃഹനാഥയ്ക്ക് 2000 രൂപ വീതവും ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരിയും ഉൾപ്പെടെയുളള വാഗ്ദാനങ്ങളാണ് ഇത്.
Discussion about this post