കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടൻ ജോയ് മാത്യുവും അദ്ദേഹത്തോടൊപ്പം കോഴിക്കോട്ടെ വീട്ടിൽ എത്തിയിരുന്നു. കുടുംബത്തോടൊപ്പം ഏറെ നേരം ചിലവിട്ട് അവരെ സമാധാനിപ്പിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
മാമുക്ക ഒരു കാലഘട്ടത്തിൽ സത്യേട്ടൻ തന്ന വരദാനം പോലെ മലയാള സിനിമയിലേയ്ക്ക് വളരെ വ്യത്യസ്തതയാർന്ന രൂപവും ഭാവവും ഭാവചലനങ്ങളും വർത്താനവും ഒക്കെയായി നിന്ന വ്യക്തിയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിന് മുൻപ് അത്തരത്തിൽ ഒരാൾ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം.
സഹപ്രവർത്തകൻ എന്നതിലുപരി പ്രായ വ്യത്യാസം നോക്കാതെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഏഴെട്ട് മാസങ്ങൾക്ക് മുൻപ് കോവിഡ് വന്ന് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടപ്പോൾ തന്നെ വിളിച്ച് സംസാരിച്ചിരുന്നു. അന്നാണ് അവസാനമായിട്ട് സംസാരിച്ചത്. മാമുക്കോയയുടെ വിയോഗം വലിയൊരു നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഏപ്രിൽ 26 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം. വ്യാഴാഴ്ച രാവിലെ കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ കബറടക്കം നടന്നു.
Discussion about this post