ശ്രീനഗർ: പൂഞ്ചിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മദ്രസ അദ്ധ്യാപകനായ പുരോഹിതനെ ചോദ്യം ചെയ്ത് ജമ്മു കശ്മീർ പോലീസ്. ബാത്തിണ്ടി സ്വദേശിയായ പുരോഹിതനെയാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആളുമായി മദ്രസ അദ്ധ്യാപകനുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്തത്.
ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഭീകരർക്ക് സഹായം നൽകിയ ആളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുമായി മദ്രസ അദ്ധ്യാപകൻ പലകുറി ഫോണിൽ ബന്ധപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മദ്രസ അദ്ധ്യാപകനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.
പ്രതിയുമായുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങളാണ് ഇയാളിൽ നിന്നും ചോദിച്ചറിഞ്ഞത്. ഭീകരർക്ക് സഹായം നൽകിയതിൽ മദ്രസ അദ്ധ്യാപകന് പങ്കുണ്ടോയെന്നകാര്യം പരിശോധിച്ചുവരികയാണ്. അങ്ങനെയെങ്കിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾ നൽകിയ മൊഴികൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
അതേസമയം കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് എത്തി പോലീസ് പരിശോധന നടത്തിയിരുന്നു. വൻ ആസൂത്രണത്തിനൊടുവിലാണ് ഭീകരാക്രമണം നടത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Discussion about this post