കോട്ടയം : സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കോന്നല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു.
ഇന്ന് രാവിലെ ആറര മണിയോടെയാണ് വീടിനകത്ത് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുൻ സുഹൃത്തായ അരുൺ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും ഏറെ നാൾ മുൻപ് തന്നെ വേർപിരിഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിയുടെ ചിത്രങ്ങൾ ഉൾപ്പെടെ അരുൺ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ”ഇവളുടെ ചതിയിൽ വീഴരുത്, ഇവൾ കള്ളിയാണ്” എന്ന രീതിയിലുള്ള പോസ്റ്റുകളും പങ്കുവെച്ചിരുന്നു.
തുടർന്ന് അരുണിനെതിരെ ഇന്നലെ വൈകിട്ട് ആതിര കടുത്തുരുത്തി പോലീസിൽ പരാതി നൽകി. പരാതിയിൽ വൈക്കം എഎസ്പി തന്നെ നേരിട്ട് ഇടപെട്ട് പെൺകുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
മണിപ്പൂരിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി. അരുൺ വിദ്യാധരൻ ഒളിവിലാണെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.











