ന്യൂഡൽഹി : പിന്നാക്ക സമുദായത്തെ അപമാനിച്ച കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. കഴിഞ്ഞ ദിവസം രാഹുലിന്റെ വാദം വിശദമായി കേട്ട കോടതി എതിർഭാഗത്തിന് മറുപടി നൽകാൻ സമയം അനുവദിക്കുകയായിരുന്നു. അപ്പീലിൽ ഇന്ന് തന്നെ വിധി പറഞ്ഞേക്കുമെന്നും സൂചനയുണ്ട്.
ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ് വാദം കേൾക്കുന്നത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുൽ തൻറെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
സൂറത്ത് സിജെഎം കോടതി വിധി സ്‌റ്റേ ചെയ്യാതിരുന്ന സെഷൻസ് കോടതി നടപടിക്കെതിരെയാണ് രാഹുൽഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സിജെഎം കോടതി രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ കോലാറിൽ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം.
Discussion about this post