മുംബൈ: എൻസിപി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നത് പുന:പരിശോധിക്കാൻ ശരദ്പവാർ സമ്മതിച്ചുവെന്ന് സഹോദരപുത്രനും എൻസിപി നേതാവുമായ അജിത്പവാർ. അന്തിമതീരുമാനം എടുക്കാൻ രണ്ടോ മൂന്നോ ദിവസം എടുത്തേക്കുമെന്നും അജിത് പവാർ പറഞ്ഞു. തന്റെ ആത്മകഥാ പ്രകാശനചടങ്ങിനിടെ ഇന്നലെയാണ് ശരദ് പവാർ തന്റെ രാജി തീരുമാനം പ്രഖ്യാപിക്കുന്നത്.
അദ്ധ്യക്ഷസ്ഥാനം ഒഴിയുമെന്ന തീരുമാനം നേതാക്കളിലും അണികളിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഏറെ വൈകാരികമായാണ് പലരും തീരുമാനത്തെ കേട്ടത്. ഇതിന് പിന്നാലെ രാജി തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അണികൾ പ്രതിഷേധം ഉയർത്തുകയും ചെയ്തു. പിന്നാലെയാണ് രാജി പുന:പരിശോധിക്കുമെന്ന് ശരദ് പവാർ പറഞ്ഞതായി അജിത് പവാർ അറിയിക്കുന്നത്.
” പാർട്ടി പ്രവർത്തകരെല്ലാം രാജി തീരുമാനത്തിൽ വളരെ അസ്വസ്ഥരാണെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ തീരുമാനത്തെ കുറിച്ച് വീണ്ടും ആലോചിക്കുമെന്നും ഇതിനായി രണ്ട് മൂന്ന് ദിവസം ആവശ്യമാണെന്നും ശരദ് പവാർ പറഞ്ഞുവെന്നും” അജിത് പവാർ പറഞ്ഞു.
24 വർഷമായി എൻസിപിയുടെ അദ്ധ്യക്ഷസ്ഥാനത്ത് തുടരുകയാണെന്നും, ഇനി രാജി വയ്ക്കുകയാണെന്നുമാണ് ശരദ് പവാർ ഇന്നലെ വേദിയിൽ പറഞ്ഞത്. ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1999ലാണ് ശരദ് പവാർ കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിക്കുന്നത്. 2019ൽ ശിവസേനയയേും എൻസിപിയേയും കോൺഗ്രസിനേയും ചേർത്ത് മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചതിന് പിന്നിലെ സൂത്രധാരനും ശരദ് പവാർ ആയിരുന്നു.
Discussion about this post