ന്യൂഡൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇതുവരെ 3195 പേരെ ഇന്ത്യയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. 11 ദിവസത്തിനിടെ 4 കപ്പലുകളിലും 14 വിമാനങ്ങളിലുമായാണ് ഇന്ത്യക്കാരെ മോചിപ്പിച്ചത്. ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരേയും രക്ഷപെടുത്തുന്നത് വരെ ദൗത്യം തുടരും. സുഡാന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 62 ബസുകൾ ആണ് പോർട്ട് സുഡാനിലേക്ക് സർവ്വീസ് നടത്തിയത്. ഇന്നലെ 2 ബാച്ചുകളിലായി 257 പേർ ജിദ്ദയിലെ ക്യാംപിലെത്തി. ഇവരെ വൈകാതെ ഇന്ത്യയിലെത്തിക്കും. ഇന്നലെ ഡൽഹിയിൽ മലയാളികളടക്കം 328 പേരെയും അഹമ്മദാബാദിൽ 231 പേരെയും എത്തിച്ചു.
ജിദ്ദയ്ക്ക് പുറമെ സൗത്ത് സുഡാൻ, ഈജിപ്ത്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. ഇന്ത്യൻ വംശജർക്ക് പുറമെ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരേയും ഒഴിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നാളെ മുതൽ ഏഴ് ദിവസത്തേക്ക് കൂടി വെടിനിർത്തലിനും സൈനിക-അർദ്ധസൈനിക വിഭാഗങ്ങൾ തമ്മിൽ ധാരണയായിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്തും ധാരണ ലംഘിച്ച് ഖാർത്തൂമിലും ഓംഡർമാനിലും വെടിവയ്പ് തുടരുന്നുണ്ടായിരുന്നു.
അതേസമയം കലാപം രൂക്ഷമായതിന് പിന്നാലെ സുഡാനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനസ്ഥലം മാറ്റി. ഖാർത്തൂമിലെ ഓഫീസ് പോർട്ട് സുഡാനിലേക്കാണ് താത്കാലികമായി മാറ്റിയത്. ഖാർത്തൂമിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post