ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം.
കരൾ രോഗ ബാധിതനായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി വീട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ ഇന്ന് രാവിലെയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മാർച്ചിൽ മനോബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംവിധായകൻ ആണെങ്കിലും ഹാസ്യനടനെന്ന നിലയിലാണ് അദ്ദേഹത്തെ തമിഴ് സിനിമയ്ക്ക് കൂടുതൽ പരിചയം. കഴിഞ്ഞ 35 വർഷമായി മനോബാല തമിഴ് സിനിമയിൽ സജീവ സാന്നിദ്ധ്യമാണ്. ഇതിനോടകം 450 ഓളം ചിത്രങ്ങളിൽ മനോബാല വേഷമിട്ടു.
1979 ൽ ഭാരതിരാജയ്‌ക്കൊപ്പം പുതിയ വാർപുഗൾ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു സിനിമാ രംഗത്തേക്കുള്ള മനോബാലയുടെ പ്രവേശനം. തുടർന്ന് നിരവധി സിനിമകളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1982 ലാണ് അദ്ദേഹം സംവിധായകന്റെ കുപ്പായമണിയുന്നത്. ആഗായ ഗംഗൈ ആയിരുന്നു മനോബാലയുടെ സംവിധാന മികവിൽ ഒരുങ്ങിയ ആദ്യ ചിത്രം. പിന്നീട് 25 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. പിള്ളൈനില, മല്ലു വേട്ടി മൈനർ, കറുപ്പ് വെള്ളൈ, തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി ടിവി സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കാജൾ അഗർവാൾ നായികയായ ഗോസ്റ്റിയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.
Discussion about this post