ന്യൂയോർക്ക്: ലോകബാങ്കിനെ നയിക്കാൻ ഇനി ഇന്ത്യൻ വംശജൻ അജയ് ബംഗ. വ്യവസായിയും മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ലോകബാങ്ക് തലവനായി നിർദ്ദേശിച്ചത്. ആദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്. എതിരാളികൾ ആരുമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കാലഘട്ടത്തിൻറെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തി ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ,അജയ് ബംഗയെ നിർദ്ദേശിച്ചത്.2016 ൽ പദ്മശ്രീ നൽകി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗയുടെ അനുഭവ സമ്പത്തിനെ അഭിനന്ദിച്ച് കൊണ്ടാണ് ബൈഡൻ സുപ്രധാന നീക്കം നടത്തിയത്. സാമ്പത്തിക ഉൾപ്പെടുത്തലും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം രൂപപ്പെടുത്തിയ ബംഗ, ബൈഡന് ഏറെ പ്രിയപ്പെട്ട വ്യവസായികളിലൊരാളാണ്.
ഇന്ത്യയിൽ വളർന്ന അജയ് ബംഗയ്ക്ക്, വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും അവസരങ്ങളെയും മനനസിലാക്കുകയും ദാരിദ്ര്യം കുറയ്ക്കുന്നതിനും സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുമുള്ള അജണ്ട എങ്ങനെ നിർവഹിക്കാൻ കഴിയും എന്നതിനെ കുറിച്ച് അതുല്ല്യമായ കാഴ്ചപ്പാടുണ്ട് എന്ന ബൈഡന്റെ പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post