നക്ഷത്രം ഗ്രഹത്തെ വിഴുങ്ങുന്നത് കണ്ടെത്തി ശാസ്ത്രജ്ഞർ. സൂര്യന്റെ വലിപ്പമുള്ള നക്ഷത്രമാണ് വ്യാഴത്തിന്റെ വലിപ്പമുള്ള ഗ്രഹത്തെ വിഴുങ്ങുന്നത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് യൂണിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ അത്ഭുതപ്രക്രിയ കണ്ടെത്തിയത്.
സൂര്യൻ ഒരു ചുവന്ന ഭീമനായി മാറി ഗ്രഹങ്ങളെ വിഴുങ്ങിയാൽ നമ്മുടെ ഭൂമിക്ക് എന്തു സംഭവിക്കും എന്ന് മനസിലാക്കേണ്ടതിനാൽ ഈ സംഭവത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതാദ്യമായാണ് ഇത്തരമൊരു വിഴുങ്ങൽ സംഭവം നേരിട്ട് കാണുന്നതെന്നും ശാസ്ത്രജ്ഞർ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഗവേഷകർ പറയുന്നതനുസരിച്ച് നക്ഷത്രം അതിന്റെ അവസാന കാലത്തിലായിരുന്നു. 10 ബില്ല്യൺ വർഷം പ്രായമുള്ള നക്ഷത്രമായിരുന്നു അത്. മരിക്കാൻ പോകുന്ന നക്ഷത്രം എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഈ സമയം അതിന്റെ യഥാർത്ഥ വലിപ്പത്തിന്റെ ദശലക്ഷം മടങ്ങ് മടങ്ങ് വലിപ്പം നക്ഷത്രത്തിന് ഉണ്ടാവുകയും ചുറ്റുമുള്ള എല്ലാ ഗ്രഹങ്ങളേയും വിഴുങ്ങുകയും ചെയ്യുന്നു. ഭൂമിയിൽ നിന്ന് 12000 പ്രകാശവർഷം അകലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. 2020ലാണ് ഈ പ്രക്രിയ ആദ്യമായി ശാസ്ത്രജ്ഞർ ശ്രദ്ധിക്കുന്നത്. എന്നാൽ ഇതിലെ പല കാര്യങ്ങളേയും മനസിലാക്കാൻ ഒരു വർഷത്തോളം സമയമെടുത്തെന്നും പഠനത്തിൽ പറയുന്നു.












