തൃശ്ശൂർ: അതിരപ്പള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്നുതള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര(26)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ മുതൽ ആതിരയെ കാണാനില്ലെന്ന് കാട്ടി പോലീസിന് പരാതി ലഭിച്ചിരുന്നു. ഭർത്താവ് സനലാണ് ആതിരയെ കാണാനില്ലെന്ന പരാതി കാലടി പോലീസിന് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കാലടി പോലീസ് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുമായി നടത്തിയ ഫോൺ വിളികളുടെ രേഖകൾ പോലീസിന് ലഭിക്കുന്നത്.
സുഹൃത്തായ അഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരം പോലീസ് അറിയുന്നത്. ആതിരയെ ഒഴിവാക്കുന്നതിന് വേണ്ടി കൊലപാതകം നടത്തിയെന്നാണ് അഖിൽ പറയുന്നത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം വനത്തിനുള്ളിൽ മൃതദേഹം കൊണ്ടിടുകയായിരുന്നു. കടം വാങ്ങിയ തുക ആതിര തിരിച്ച് ചോദിച്ചതിലുള്ള ദേഷ്യവും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് അഖിൽ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.












