പാരിസ്: പാരിസ് ആക്രമണങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കുന്ന അബ്ദുല്‍ ഹമീദ് അബു ഔദ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഫ്രഞ്ച് സര്‍ക്കാരോ പൊലീസോ ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ സെന്റ് ഡെനിസില്‍ ഫ്രഞ്ച് പൊലീസ് നടത്തിയ റെയ്ഡിനിടെ അബു ഔദ് ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോ റിച്ചിയര്‍ ഇത് സംബന്ധിച്ച ചില സൂചനകള്‍ നല്കി. അബു ഔദ് ആത്മഹത്യ ചെയ്തു എന്ന വിവരം ലഭിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനാവശ്യമായ രേഖകളൊന്നും ലഭിച്ചിട്ടില്ല. ഇതിന്റെ സ്ഥിരീകരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഫ്രാങ്കോ റിച്ചിയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സെന്റ് ഡെനിസിലെ അപാര്ട്മെന്റില് ഒളിവില്‍ താമസിക്കുകയായിരുന്നു മൊറക്കോ വംശജനായ അബൗു ഔദ്. പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പാര്‍പ്പിട സമുച്ചയത്തില്‍ പരിശോധനക്കെത്തിയപ്പോള്‍ പോലീസിനുനേരേ ചാവേറാക്രമണമുണ്ടായി. വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയത്. അബൗദിന്റെ കാമുകിയാണ് പൊട്ടിത്തെറിച്ച ചാവേറെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഇവര്‍ പൊലീസിന് നേരേ എ.കെ47 തോക്കുപയോഗിച്ച് വെടിവെച്ചു. ഇവരെ കൂടാതെ ഏറ്റുമുട്ടലില്‍ ഭീകരനെന്ന് സംശയിക്കുന്ന ഒരാള്‍ വെടിയേറ്റു മരിച്ചു. മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരിലൊരാള്‍ പാരിസില്‍ നടന്ന അക്രമത്തില്‍ പങ്കാളിയാണെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ റോഡുകളെല്ലാം അടച്ച് അഞ്ചുമണിക്കൂറോളമാണ് ഇവിടെ പോലീസ് പരിശോധന നടത്തിയത്.
വെടിവെപ്പും എറെ സമയം നീണ്ടുനിന്നു. എഴുസ്ഫോടനങ്ങള് നടന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പാര്‍പ്പിടസമുച്ചയത്തിന്റെ മൂന്നാംനിലയില്‍ സ്ഫോടനവുമായി ബന്ധമുള്ള അഞ്ചുപേര്‍ ഒളിച്ചുതാമസിക്കുന്ന വിവരം ലഭിച്ചാണ് പോലീസ് പരിശോധനയ്ക്കെത്തിയത്.
Discussion about this post