ന്യൂഡൽഹി: ഗോ ഫസ്റ്റ് എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ഫ്‌ളൈറ്റ് സർവ്വീസുകൾ റദ്ദാക്കിയത് ഈ മാസം 12 വരെ നീട്ടി. തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. കൊറോണയ്ക്ക് പിന്നാലെ എയർലൈൻസിന് ഉണ്ടായ സാമ്പത്തിക നഷ്ടവും ബാധ്യതകളും തീർപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് അപ്പീൽ നൽകിയിരിക്കുന്നത്.
ആദ്യം ഈ മാസം മൂന്നാം തിയതി വരെയുള്ള വിമാന സർവ്വീസുകളാണ് എയർലൈൻ നിർത്തിവച്ചത്. പിന്നീട് ഇത് ഒൻപതാം തിയതിയിലേക്കും, ഒടുവിൽ 12ാം തിയതി വരെയും നീട്ടുകയായിരുന്നു. നിലവിൽ ഈ മാസം 15ാം തിയതി വരെ ഗോ ഫസ്റ്റ് ടിക്കറ്റ് വിൽപ്പനയും അവസാനിപ്പിച്ചിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് റീഫണ്ട് യാത്രക്കാർക്ക് നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഗോ ഫസ്റ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎസ് കമ്പനിയായ ‘പ്രാറ്റ് ആൻഡ് വിറ്റ്നി’ നിർമിച്ച എഞ്ചിനുകളിലെ തകരാർ മൂലം തങ്ങളുടെ 25 വിമാനങ്ങൾ പറത്താൻ കഴിയാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് വഴിവച്ചതെന്നാണ് കമ്പനിയുടെ വാദം. എഞ്ചിൻ തകരാർ അടിയന്തരമായി പരിഹരിച്ചാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളോടെ മുഴുവൻ വിമാനങ്ങളുടേയും സർവീസ് പുനഃരാരംഭിക്കാനാകുമെന്നും കമ്പനി പറയുന്നു.
Discussion about this post