ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നും വിജയം സ്വന്തമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. കോൺഗ്രസ് ഇക്കുറി 140 സീറ്റുകൾ നേടും. മോദി പ്രഭാവം ഇക്കുറി കർണാടകയിൽ പ്രതിഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശിവകുമാറിന്റെ പരാമർശങ്ങൾ.
വമ്പിച്ച ഭൂരിപക്ഷത്തോടെ തന്നെ കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തും. 140 സീറ്റുകൾ ഉറപ്പായും പാർട്ടിയ്ക്ക് ലഭിക്കും. അത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിലേക്ക് വഴിവയ്ക്കും. 1978ൽ സംഭവിച്ചത് ആവർത്തിക്കുമെന്നും ശിവകുമാർ പറഞ്ഞു.
അധികാരത്തിലേറിയാൽ ഏകീകൃത സിവിൽ കോഡും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ആശയ ദാരിദ്രവും സംസ്ഥാനത്തെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്താൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്. മോദി പ്രഭാവം തിരഞ്ഞെടുപ്പിൽ ഇക്കുറി പ്രതിഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
കോൺഗ്രസിനുള്ളിൽ യാതൊരു പ്രശ്‌നവുമില്ല. മാദ്ധ്യമങ്ങൾ അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ നടത്തുകയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ വ്യാജ പ്രചാരണങ്ങൾക്കും വാർത്തകൾക്കും തടയിടും. ഭരണമില്ലെങ്കിലും കോൺഗ്രസ് എല്ലായ്‌പ്പോഴും ജനങ്ങൾക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
Discussion about this post