ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്കുമെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് ചെയർമാനും മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. രാജ്യം വലിയ പ്രതിസന്ധികൾ നേരിടുമ്പോഴും അതിന് പരിഹാരമില്ലാതെ ഇരുവരും ലോകം കറങ്ങാൻ നടക്കുകയാണെന്ന് ഇമ്രാൻ ആരോപിച്ചു.
ലാഹോറിൽ പിടിഐ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിലവിൽ യുകെയിലാണ്, വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഗോവയിലും എത്തിയിരുന്നു. ഈ സന്ദർശനങ്ങൾ കൊണ്ട് എന്ത് നേട്ടമാണ് രാജ്യത്തിന് ഉണ്ടായതെന്ന് ഇരുവരും വ്യക്തമാക്കണമെന്ന് ഇമ്രാൻ ഖാൻ പറയുന്നു.
” ലോകത്തിന് മുൻപിൽ പാകിസ്താൻ നാണം കെട്ടു കൊണ്ടിരിക്കുകയാണ്. ബിലാവൽ നിങ്ങൾ ലോകം മുഴുവൻ പര്യടനം നടത്തുന്നുണ്ട്. ഒരു യാത്രയ്ക്ക് വേണ്ടി നിങ്ങൾ രാജ്യത്തിന്റെ എത്ര പണമാണ് ചെലവഴിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് ആരോടെങ്കിലും നിങ്ങൾ ചോദിക്കാറുണ്ടോ. ഈ യാത്രകളിൽ നിന്ന് രാജ്യത്തിന് എന്ത് നേട്ടമാണ് കിട്ടിയിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള ഇത്തവണത്തെ യാത്ര കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് വിശദീകരിക്കണമെന്നും” ഇമ്രാൻ പറയുന്നു.
Discussion about this post