ന്യൂഡൽഹി: അപകീർത്തികരമായ ദൃശ്യങ്ങൾക്കായി നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിവേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം നിർദ്ദേശിച്ചത്. കേസിന്റെ വിചാരണ അന്തിമമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർണായക നിർദ്ദേശം. അതേസമയം ദിലീപിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന വീഴ്ചയാണ് വിചാരണ നീണ്ട് പോകുന്നതെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.
ജൂലൈ 31 നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. നടിയെ ആക്രമിച്ച കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് വിചാരണ നീട്ടിക്കൊണ്ട് പോകരുതെന്ന് നിർദ്ദേശം നൽകിയത്. ഓഗസ്റ്റ് നാലിന് വീണ്ടും കേസ് പരിഗണിക്കും. അതിന് മുൻപായി വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. എല്ലാ തവണയും കേസ് പരിഗണിക്കുമ്പോൾ ഒരേ റിപ്പോർട്ടാണ് സമർപ്പിക്കുന്നതെന്നും, ജഡ്ജി യന്ത്രമല്ലെന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു.
സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വിസ്താരം ദിലീപിന്റെ അഭിഭാഷകൻ നീട്ടിക്കൊണ്ട് പോകുകയാണ്. ഇതാണ് വിചാരണ നീണ്ട് പോകാൻ കാരണമെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. അതേസമയം ഓൺലൈൻ വഴിയുള്ള വിചാരണയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്നും അതാണ് വൈകുന്നതെന്നും ദിലീപിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. വിസ്താരം പൂർത്തിയാക്കാൻ ഇനി അഞ്ച് ദിവസം കൂടിയുണ്ടെന്നും അഭിഭാഷക കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post