പാരിസ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജൻറീന ഫുട്‌ബോൾ ടീം, ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഇതാദ്യമായാണ് ഒരു താരം ലോറസ് പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കുന്നത്. 2020ലാണ് മെസി ആദ്യമായി പുരസ്‌കാരം നേടുന്നത്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ടെന്നീസ് താരം റഫേൽ നദാൽ, മോട്ടോർ റേസിങ് താരം മാക്സ് വെസ്റ്റാപ്പൻ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.











