ന്യൂഡൽഹി: ദി കേരള സ്റ്റോറി ബംഗാളിൽ നിരോധിച്ച നടപടിക്കെതിരെ പ്രതികരണവുമായി ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ. സിനിമ നിരോധിച്ചാൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്നും ചിത്രത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
” ഇന്ന് രാഷ്ട്രീയ പാർട്ടികൾ എന്തൊക്കെയാണ് ചിന്തിച്ച് കൂട്ടുന്നത് എന്ന് പ്രവചിക്കാൻ എനിക്ക് സാധിക്കില്ല, അത് അവർക്ക് മാത്രം അറിയാവുന്ന കാര്യമാണ്. സുപ്രീംകോടതി അനുമതി നൽകിയ ഒരു സിനിമ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചാൽ അതിന് കാരണമെന്താണെന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്. എന്റെ സുഹൃത്തുക്കളോടും അടുപ്പമുള്ളവരോടും ചിത്രത്തെ സംബന്ധിച്ച് യാതൊന്നും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതന്ന് പറഞ്ഞിട്ടുണ്ട്.
കാരണം സിനിമയെ പിന്തുണച്ച് കഴിഞ്ഞാൽ അവരെ ട്രോളുകയാണ്. ചെയ്യരുതെന്ന് പറഞ്ഞിട്ടും വിദ്യുത് ജംവാൾ ചിത്രത്തിന്റെ ട്രെയ്‌ലർ ഷെയർ ചെയ്തു. അദ്ദേഹത്തിന് ഒരുപാട് ട്രോളുകളും കിട്ടി അതേപോലെ വലിയ പിന്തുണയും കിട്ടി. ഈ സിനിമയെ തകർക്കാൻ ശ്രമിക്കുന്ന ഒരു ട്രോൾ ആർമിയുണ്ട്. എന്നാൽ ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകർ തന്നെ ഇക്കൂട്ടർക്ക് കൃത്യമായ ഉത്തരം നൽകുന്നുണ്ട്. ബംഗാളിൽ ഞങ്ങളുടെ സിനിമയുടെ പ്രദർശനം നിർത്തിവച്ചാൽ നിയമപരമായ വഴി സ്വീകരിക്കുമെന്നും” വിപുൽ വ്യക്തമാക്കി.
Discussion about this post