ന്യൂഡൽഹി : രാജ്യത്ത് ഡീസൽ ഫോർ വീലർ വാഹനങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം. ഇന്ത്യൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം രൂപീകരിച്ച പാനലാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി 2027 ഓടെ ഡീസൽ ഫോർ വീലർ വാഹനങ്ങൾ നിരോധിക്കണമെന്നും ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും പാനൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരങ്ങളിൽ സർവീസ് നടത്തുന്ന ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും, 2030 ഓടെ, വൈദ്യുതിയിൽ പ്രവർത്തിക്കുന്നതല്ലാത്ത ബസുകൾ നിർത്തണമെന്നും ശുപാർശയുണ്ട്. ഇക്കാര്യത്തിൽ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് അത് മന്ത്രിസഭയുടെ മുമ്പാകെ വയ്‌ക്കേണ്ടതാണ്. ഒരു ദശലക്ഷത്തിലധികം ആളുകളുള്ള നഗരങ്ങളിലാണ് ഡീസൽ ഫോർ വീലർ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുക. മറ്റ് സ്ഥലങ്ങളിൽ ഇവയുടെ നിർമ്മാണം നിർത്തലാക്കും.
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വർധിപ്പിക്കുന്നതിന്, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് സ്‌കീമിന് (ഫെയിം) കീഴിൽ നടപ്പിലാക്കുന്ന പദ്ധതികൾ വിപുലീകരിക്കുന്നത് മാർച്ച് 31 ന് ശേഷവും പരിഗണിക്കാൻ പാനൽ നിർദ്ദേശം നൽകി. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ഇലക്ട്രിക് മൊബിലിറ്റി മിഷന്റെ കീഴിൽ 2015 ഏപ്രിലിലാണ് ഫെയിം എന്ന സ്‌കീം ആരംഭിച്ചത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ എല്ലാ നഗരങ്ങളിലും 75 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ ആക്കാനാണ് നീക്കം. ഇന്ത്യയിലെ ദീർഘദൂര ബസുകൾ ദീർഘകാലത്തേക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടിവരുമെന്നും, 10-15 വർഷത്തേക്ക് വാതകം ഇന്ധനമായി ഉപയോഗിക്കാമെന്നും റിപ്പോർട്ട് പറയുന്നു.
Discussion about this post